പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രോട്ടോകോൾ ഉണ്ടാക്കും. വീഴ്ച വരുത്തുന്നവർ ഉത്തരവാദികളാകും: മുഖ്യമന്ത്രി

കൊച്ചി ∙ കേരളം എങ്ങോട്ടു പോകണം എന്നു ചിന്തിക്കേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളം ഒരുപാട് നേട്ടങ്ങളുണ്ടാക്കി. യൂറോപിനെ വെല്ലുന്നതാണ് കേരള മോഡൽ എന്നു നമ്മൾ പറഞ്ഞു. എന്നാൽ, 15 വർഷത്തിനിടെ മറ്റു പല സംസ്ഥാനങ്ങളും മുന്നോട്ടുപോയപ്പോൾ കേരളത്തിന്റെ പല മേഖലകളും തകർന്നു. നമുക്ക് ഏറെ വെല്ലുവിളികളുണ്ട്. സാമ്പത്തിക പ്രതിസന്ധി കുറേ വർഷങ്ങളായി ഉണ്ട്. വണ്ടി എവിടെയെങ്കിലും ഇടിച്ചു നിൽക്കുന്ന സാഹചര്യമുണ്ട്. നടപടി എടുക്കാനുള്ള ശരിയായ സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  യുവാക്കളെ നാട്ടിൽ നിർത്തണമെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ വളരെ വേഗത്തിൽ മാറുന്നു. ഒരു തൊഴിൽ ഇല്ലാതാകുമ്പോൾ മറ്റൊരു തൊഴിൽ ഉണ്ടാകുന്നുണ്ട്. പക്ഷേ, നമ്മുടെ കോഴ്സുകൾ കാലഹരണപ്പെട്ടതാണ്. പുതിയ അക്കൗദമിക് പ്രോഗ്രാമുകൾ കേരളത്തിലേക്ക് കൊണ്ടുവരണം.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നികുതി കൂട്ടുന്നതല്ല പരിഹാരം. നികുതി കുറച്ച് നെറ്റ്‌വർക് കൂട്ടണം. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയപരിധി വേണം. അല്ലെങ്കിൽ അനാവശ്യമായി പണം ചെലവാകും. പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിന് പ്രോട്ടോകോൾ ഉണ്ടാക്കും. വീഴ്ച വരുത്തുന്നവർ ഉത്തരവാദികളാകും. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിച്ച് തുറമുഖ നഗരമാക്കി മാറ്റാൻ കഴിയും. സർക്കാരിന്റെ പ്രധാന പദ്ധതിയാണിത്. നാലു രാജ്യാന്തര വിമാനത്താവളമുണ്ട് കേരളത്തിൽ. ഒരു ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിയും. പൈലറ്റുമാരെ കിട്ടാനില്ലാത്ത സാഹചര്യമുണ്ട്. പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിനായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *