ഭോപ്പാൽ: കത്തിക്കൊണ്ടിരിക്കുന്ന ചിതയിൽ നിന്ന് ശവശരീരത്തിന്റെ കുറച്ചുഭാഗം വാളുകൊണ്ട് കുത്തിയെടുത്ത് സ്വയം കഴിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച അഘോരി വനിത പിടിയിൽ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ലേഡി അഘോരിയെന്ന് സോഷ്യൽ മീഡിയയിൽ സ്വയം വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ വീഡിയോ തെളിവായി സ്വീകരിച്ചാണ് പൊലീസ് നടപടിയെടുത്തത്. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
സംസ്കാര സ്ഥലത്തിന്റെ മേൽനോട്ടച്ചുമതലയുള്ള വിഷ്ണുനാഥ് മഹാരാജ് എന്നയാളാണ് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അതിക്രമിച്ചുകയറി,സംസ്കാരച്ചടങ്ങ് അലങ്കാേലപ്പെടുത്തി, മൃതദേഹത്തോട് അനാദരവ് കാട്ടി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. താന്ത്രിക് മന്ത്രവാദം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തെലങ്കാന സ്വദേശിനിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയും കാളി നന്ദിനെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും സ്വത്തുവകകളുടെ വിവരം ശേഖരിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
ക്ഷേത്രങ്ങൾ, പുണ്യ സ്ഥലങ്ങൾ എന്നിവയെക്കുറിച്ചും സനാതന ധർമത്തെക്കുറിച്ചും റീൽസ് ചെയ്യാറുള്ള കാളി നന്ദ് ഗിരി ഉജ്ജയിനിലെ ‘ലേഡി അഘോരി’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അതിനിടെ കാളി നന്ദ് ജൻമനാ സ്ത്രീ അല്ലെന്നും അല്ലൂരി ശ്രീനിവാസെന്ന പുരുഷനായാണ് ജനിച്ചതെന്നും പിന്നീട് സ്ത്രീയായി ജീവിക്കുകയാണെന്നുമാണ് പ്രദേശിക മാദ്ധ്യങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
അതിനിടെ, കാളി നന്ദിന്റെ പ്രവർത്തിക്കെതിരെ ജൂന അഖാഡയിലെ മഹാ മണ്ഡലേശ്വർ ശൈലേഷാനന്ദ ഗിരി രംഗത്തെത്തിയിട്ടുണ്ട്. പ്രവൃത്തികൾ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം . ‘അഖോരി സാധന തീർത്തും രഹസ്യാത്മകത പുലർത്തേണ്ട ഒന്നാണ്. അത് പൊതുസ്ഥലത്ത് ചെയ്യേണ്ടതല്ല. അങ്ങനെ ചെയ്യുന്നവർ തട്ടിപ്പുകാരാണ്. മനുഷ്യ ശരീരം ഭക്ഷിക്കുന്നത് നരഭോജികളുടെ രീതിയാണ്. അഖോരികളുടേതല്ല’ അദ്ദേഹം പറഞ്ഞു. കാളി നന്ദിനെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കമെന്നാവശ്യം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നുണ്ട്.