അതിരുകൾക്കും ഭാഷകൾക്കും അപ്പുറം ഒരേ വികാരത്തിൽ മനുഷ്യരെ കൂട്ടിയിണക്കുന്ന ഫുട്ബോളിന്റെ വർണക്കാഴ്ചയിലാണ് ലോകം. ജൂൺ 11ന് കാൽപന്തുകളിയുടെ ആരവത്തിന് കിക്കോഫ് മുഴങ്ങിയപ്പോൾ എല്ലാ കണ്ണുകളും പച്ചപ്പട്ട് വിരിച്ച മൈതാനത്തേക്കായിരുന്നു. ഇതിനിടെ ജൂൺ 20ന് റിലീസ് ചെയ്ത ഒരു മ്യൂസിക് ആൽബമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫിഫ ട്രിബ്യൂട്ട് മ്യൂസിക് ആൽബമായ ‘വൺ അരീന’യെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകമെമ്പാടും ഈ പാട്ട് ആസ്വദിക്കുന്നമ്പോൾ മലയാളികൾ അഭിമാനിക്കാം.
കാരണം ഈ പാട്ടിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ എല്ലാം മലയാളികൾ തന്നെയാണ്. മിഥുൻ കെ എം വരികൾ എഴുതി സംഗീതം നിർവഹിച്ച ഗാനം 18കാരിയായ റോസാൻ ആന്റണിയാണ് ആലപിച്ചിരിക്കുന്നത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ റോസാൻ തൃശൂർ സ്വദേശിയായ ആന്റണിയുടെയും കൊച്ചി സ്വദേശിയായ ടെസയുടെയും രണ്ടാമത്തെ മകളാണ്. തന്റെ ഗാനങ്ങളെക്കുറിച്ച് റോസാൻ കേരളകൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
ചെറുപ്പം മുതൽ പാട്ട് കൂട്ടായി
എനിക്ക് ആറ് വയസുള്ളപ്പോൾ മുതലാണ് പാട്ടിനോട് കൂടുതൽ താൽപര്യം തോന്നിയത്. എന്റെ അച്ഛനും അമ്മയും പാട്ട് പാടിയിരുന്നു. 13-ാം വയസ് മുതൽ മ്യൂസിക് ക്ലാസിൽ ചേർന്നു. പരസ്യചിത്രങ്ങൾക്ക് വേണ്ടി പാടിയാണ് കരിയർ ആരംഭിച്ചത്. യൂട്യൂബ് ചാനലിൽ പാട്ടുകൾ പാടിയിട്ടുണ്ട്. ക്രോസ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിൽ പരിശീലിക്കുമ്പോഴാണ് ഇംഗ്ലീഷ് ഗാനങ്ങളോട് കൂടുതൽ ഇഷ്ടം തോന്നിയത്. സ്വന്തം കോംപോസിഷനിൽ ഒരു ആൽബം ചെയ്യുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ.