രണ്ട് പേടിപ്പടങ്ങൾ . രണ്ടിലും പേടിപ്പിച്ച് വിറപ്പിച്ച് കെ.പി.എ.സി ലീല. ‘ഗ്രാനി”യും ‘മുത്തശ്ശി”യും ഒരേപോലെ ഭയം ഇരച്ചുകയറ്റുമ്പോൾ കെ.പി.എ.സി ലീല നിറഞ്ഞുചിരിക്കുന്നു. നാടകത്തിൽ നിന്ന് തുടങ്ങി സിനിമയുടെ ‘പൂക്കാലം” കടന്ന് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ എത്തി നിൽക്കുന്നു.
സീ ഫൈവിന്റെ മലയാളം ഒറിജിനൽ വെബ് സീരിസ് ‘മുത്തശ്ശി’യും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ അനന്തരാമൻ അജയ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹ്രസ്വചിത്രം ‘ഗ്രാനി’യും ഏറ്രെടുത്ത ജെൻ സീകൾ രണ്ടും അവതരിപ്പിച്ചത് ഒരേ മുത്തശ്ശി ആയിരുന്നുവെന്ന് അറിഞ്ഞ് അതിശയപ്പെടുന്നു . ഹൊറർ മിസ്റ്ററി മൂഡിൽ കഥ പറയുന്ന ‘ഗ്രാനി’യിൽ നിഷ്കളങ്കത നിറഞ്ഞ മുഖത്തോടെ പുഞ്ചിരിച്ച് ഭയപ്പെടുത്തി. ‘മുത്തശ്ശി’യിൽ നഖം നീട്ടി വളർത്തി. ജഡ നിറഞ്ഞ മുടി. കണ്ണുകളിൽ രൗദ്രത .പ്രായം ഏറും തോറും ഊർജസ്വലതയും കൂടുന്നുവെന്ന് കെ.പി.എ. സി ലീലയുടെ പ്രകടനം കാണുമ്പോൾ തോന്നി പോകും. സോഷ്യൽ മീഡിയയിൽ ഗ്രാനിയും ‘മുത്തശ്ശി’യും ചേർന്ന് കമന്റുകൾ നിറച്ചുകൂട്ടുമ്പോൾ വിശേഷങ്ങളുമായി കെ.പി.എ.സി ലീല.
വിറപ്പിക്കുന്നത് ആദ്യം
ഹൊറർ കഥാപാത്രം അവതരിപ്പിക്കുന്നത് ആദ്യമാണ്. ഗ്രാനിയുടെ ഷൂട്ടിംഗ് കുറച്ചു മുൻപേ നടന്നതാണ് . എന്നാൽ വളരെ അവിചാരിതമായി റിലീസുകൾ അടുത്തടുത്തായി സംഭവിച്ചു. രാത്രിയിൽ ഭയം തോന്നുന്നുവെന്ന് പറഞ്ഞു വിളിക്കുന്നവരുണ്ട്. കഥാപാത്രം ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. .ഗ്രാനിയിലെ കഥാപാത്രം സാധാരണ സ്ത്രീ ആയതിനാൽ പ്രത്യേകം മേക്കപ്പോ ഒന്നും ആവശ്യമില്ലായിരുന്നു. മുത്തശ്ശിയിലെ കഥാപാത്രത്തെ കണ്ടാൽ ഭയം തോന്നും. അമാനുഷിക ശക്തിയിൽ കോർത്തിണക്കിയ കഥാപാത്രം.അതിനാൽ കുറച്ചധികം തയ്യാറെടുപ്പ് വേണ്ടിവന്നു. കഥാപാത്രമാകാൻ മേക്കോവർ വേണ്ടിവന്നു. നഖങ്ങളൊന്ന് വലിഞ്ഞാൽ വേദനയുണ്ടാകും. അത് ഒടിഞ്ഞുപോകും. അതിനാൽ ഭക്ഷണം കഴിക്കാനോ ഒന്നും പറ്റില്ല. നഖങ്ങളും മേക്കപ്പുമെല്ലാം അതുപോലെ സൂക്ഷിക്കണം. നീളൻമുടി മൂന്നാലു വിഗ്ഗുകൾ വച്ചതാണ് . അത് തലയിൽ ഇരിക്കുമ്പോൾ തന്നെ ഭാരം തോന്നും . അഴിക്കുമ്പോൾ പെരുപ്പ് അനുഭവപ്പെടും . അങ്ങനെ ചെറിയ ബുദ്ധിമുട്ട് ഉണ്ടായി. എങ്കിലും ഇപ്പോൾ സന്തോഷമാണ്. നല്ല രണ്ട് കഥാപാത്രങ്ങളെ കിട്ടിയല്ലോ. അഭിനയിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ട് തോന്നിയില്ല. ഗ്രാനി ഹ്രസ്വചിത്രം ആയതിനാൽ കുറച്ച് പമിരിമിതി ഉണ്ടായിരുന്നു. എന്നാൽ അനന്തൻ ഒരു സിനിമ പോലെ എടുത്തു. ഗ്രാനി കാണാൻ മുത്തശ്ശിയുടെ സംവിധായകൻ നന്ദുലാലും സുഹൃത്തുക്കളും വന്നിരുന്നു. എന്നെ കണ്ടപ്പോൾ മുത്തശ്ശിയിൽ ഞാൻ തന്നെ മതിയെന്ന് തീരുമാനിച്ചു.
പൂക്കാലം തന്ന സൗഭാഗ്യം
അഭിനയസാദ്ധ്യത നിറഞ്ഞ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞുള്ളൂ. പൂക്കാലം സിനിമയിലെ കൊച്ചുത്രേസ്യാമ്മയെ അവതരിപ്പിച്ചതിനു പിന്നാലെ ലഭിച്ച അവസരങ്ങളാണിത്.കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നതിനിടെയാണ് നാടകത്തിലേക്ക് എത്തുന്നത്.
1956 ൽ പി.ജെ. ആന്റണിയുടെ മുന്തിരിച്ചാറിലെ കുറെ കണ്ണുനീർ എന്ന നാടകത്തിൽ ഉപനായികയുടെ വേഷം അവതരിപ്പിച്ചാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. മലയാള നാടക ചരിത്രത്തിലെ ഇതിഹാസങ്ങളായ മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, മൂലധനം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുടങ്ങിയ കെ.പി.എ.സിയുടെ എണ്ണമറ്റ നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങി. മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങൾ സിനിമയായപ്പോൾ ആ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. കെ.പി.എ.സിയിൽ വാദ്യകലാകാരനായ ഡേവിഡിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞു. 48 വർഷത്തെ ഇടവേളയ്ക്കുശേഷം ജയരാജിന്റെ രൗദ്രം 2018 സിനിമയിൽ മേരിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടാം വരവ്. രഞ്ജി പണിക്കരുടെ നായിക വേഷം.പിന്നീട് ജ്വാലാമുഖി, ഡിവോഴ്സ്, ചീനാ ട്രോഫി, ലവ്‌ലി, പൂവ്, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ സിനിമകൾ.എന്നാൽ പൂക്കാലത്തിനുശേഷം ആണ് ആളുകൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്.
കുര്യയച്ചൻ കാണാത്ത എനമില്ല
എക്കോ സിനിമയിൽ ബിയാന മോമിൻ അവതരിപ്പിച്ച മ്ലാത്തി ചേടത്തി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കൂടുതൽ പ്രശസ്തി നേടി തന്നു. ശബ്ദത്തിലൂടെ ആണ് കഥാപാത്രമായി മാറിയതെങ്കിലും തിയേറ്ററിലും ഒ.ടി.ടിയിലും ഒരേപോലെ വിജയം നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. വിസിറ്റർ ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന സിനിമ . ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഈ പ്രായത്തിലും സിനിമകൾ തേടി വരുന്നുണ്ടെങ്കിൽ ദൈവത്തിന്റെ സമ്മാനമായി മാത്രം കാണുന്നു. നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യാനാണ് ആഗ്രഹം. മൂവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുട ആണ് നാട്. ഇളയ മകൻ ടോണിയോടൊപ്പം കൊല്ലം കടപ്പാക്കട ആണ് താമസം . മക്കളായ ഷെല്ലിയും സാന്റിയും ഇരട്ടകൾ.