തിരുവനന്തപുരം ∙ കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണ് ഇ.ഡി ഡിജിപിക്ക് കത്ത് അയച്ചതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി. വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രിഇക്കാര്യത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കി സർക്കാർ തീരുമാനമെടുക്കും. ഇതിൽ രാഷ്ട്രീയമില്ല. നിയമം മാത്രമാണ് നോക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കേസുകൾ ഇ.ഡി നൽകിയ കത്തിലുണ്ട്. ന്യായീകരിക്കാൻ മാത്രമാണ് സിപിഎം നടക്കുന്നത്. സിപിഎം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി ഈ മാസം പകുതിയോടെ പരിഹരിക്കും
വൈദ്യുതി പ്രതിസന്ധിയിൽ സർക്കാർ നടപടിയെടുക്കുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടി. മഴ കുറഞ്ഞു. അണക്കെട്ടിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപാദനവും കുറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 400 മെഗാവാട്ട് വാങ്ങാനായി ഒപ്പിട്ട 25 വർഷത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി. 4.29 രൂപയ്ക്ക് പകരം ഇപ്പോൾ 10 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അതു വലിയ പ്രതിസന്ധിയായി. കൽക്കരി പ്രതിസന്ധി കാരണം വൈദ്യുതി കിട്ടാനില്ല. ജനങ്ങളുടെ മേൽ അധിക നിരക്ക് ഈടാക്കാതെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഈ മാസം പകുതിയോടെ പ്രതിസന്ധി പരിഹരിക്കും. വൈദ്യുതി നിലയ്ക്കുന്ന സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഇതിനുള്ള നിർദേശം കെഎസ്ഇബിക്ക് നൽകും. കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.