വൈദ്യുതി പ്രതിസന്ധി രൂക്ഷം; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം എന്നിവരുമായി മുഖ്യമന്ത്രി അടിയന്തര അവലോകന യോഗം നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻഗണനാക്രമത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു.
നിലവിലെ സാഹചര്യം നേരിടാൻ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയരാൻ കാരണമായിട്ടുണ്ട്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായി.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ ദേശീയതല വൈദ്യുതി കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായി.
സെപ്റ്റംബർ 10ന് രാത്രി 10.30ന് സംസ്ഥാനത്ത് 5,450 മെഗാവാട്ട് അനിയന്ത്രിത വൈദ്യുതി ഡിമാൻഡാണ് രേഖപ്പെടുത്തിയത്. സാധാരണ വേനൽക്കാലത്ത് രേഖപ്പെടുത്തുന്ന ഡിമാൻഡിന് തുല്യമായ ഈ ഉപഭോഗം മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിനേക്കാൾ ഏകദേശം 1,100 മെഗാവാട്ട് കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *