ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎമ്മും സിപിഐയും; വിജയ്ക്ക് വെല്ലുവിളി

ചെന്നൈ ∙ മുന്നണികളിൽ നിന്നു അകന്നുനിൽക്കുകയും പുറത്തു നിന്നു ടിവികെ സർക്കാരിനു പിന്തുണ നൽകുകയും ചെയ്യുന്ന ഇടതുപാർട്ടികൾ രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ചു ടിവികെയിൽ ചേർന്ന രണ്ടു മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പുഫലം പുറത്തുവന്നു അധികദിവസം കഴിയുന്നതിനു മുൻപു എംഎൽഎ സ്ഥാനം രാജിവച്ചു ടിവികെയിൽ ചേർന്നതിൽ ഇടതുപാർട്ടികൾ വിമർശനം ഉയർത്തിയിരുന്നു. ഇക്കാരണത്താലാണ് മത്സരിക്കാനുള്ള നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. സിപിഎം മധുരാന്തകത്തും സിപിഐ ധാരാപുരത്തുമാണ് മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ നടന്ന അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം തീരുമാനം അറിയിച്ചു. ചെന്നൈയിൽ സംസ്ഥാന എക്സിക്യൂട്ടീവ് കൂടിയ ശേഷമാണ് സിപിഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ നിലപാട് വ്യക്തമാക്കിയത്.

ഒരു മുന്നണിയിലും ഇല്ലെന്നു ഇരുപാർട്ടികളും വീണ്ടും ഉറപ്പിച്ചു പറഞ്ഞു. സെപ്റ്റംബർ 15നു സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 16 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഇരുമണ്ഡലങ്ങളിലും ഡിഎംകെ, അണ്ണാഡിഎംകെ, ടിവികെ, എൻടികെ എന്നിവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. രാജിവച്ചെത്തിയവരെ തന്നെയാണ് ടിവികെ കളത്തിലിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *