വിദേശത്ത് ജോലി ലഭിച്ച് കുടുങ്ങിയവർ രക്ഷക്കായി കേഴുന്നു

കാസർകോട് ∙ വൻതുക നൽകി ജോലിക്കായി ലാത്‍വിയയിലേക്കുപോയ മലയാളികളുൾപ്പെടെയുള്ള തൊഴിലാളികൾ തൊഴിൽ ചൂഷണത്തിന് ഇരയായതായി പരാതി. ബ്ലൂബെറി കൃഷിയിടത്തിൽ ജോലി ചെയ്യാനെത്തിയവരെ 16 മുതൽ 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചതായും വാഗ്ദാനം ചെയ്ത ശമ്പളം നൽകിയില്ലെന്നും പാസ്പോർട്ട് പിടിച്ചുവച്ചതായും തൊഴിലാളികൾ ആരോപിച്ചു.

ലാത്‌വിയ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികൾക്കെതിരെയാണു പരാതി. സംഭവത്തിൽ ലാത്വിയൻ തൊഴിൽ പരിശോധനാ വിഭാഗവും പൊലീസും അന്വേഷണം തുടങ്ങി. മലയാളി ഉൾപ്പെടെയുള്ളവരുടെ സ്ഥാപനം, 10 ലക്ഷത്തോളം രൂപ വാങ്ങിയാണു സീസണൽ തൊഴിലിനായി ലാത്‌വിയയിലേക്കു റിക്രൂട്മെന്റ് നടത്തിയത്. മൂന്നു മാസത്തെ ജോലിക്കുശേഷം പോളണ്ട് അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വീസ നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.

തൊഴിൽക്കരാറിൽ ദിവസം 8 മണിക്കൂർ ജോലിയും ഏകദേശം 1500 യൂറോ ശമ്പളവുമായിരുന്നു ധാരണയെന്നു തൊഴിലാളികൾ പറയുന്നു. എന്നാൽ ലാത്‌വിയയിലെത്തിയശേഷം കൂടുതൽ സമയം ജോലി ചെയ്യേണ്ടിവന്നതായും പലർക്കും വാഗ്ദാനം ചെയ്ത ശമ്പളം ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. ഇവിടെനിന്നു രക്ഷപ്പെട്ട പലരും മറ്റു രാജ്യങ്ങളിൽ അഭയാർഥികളായെത്തി കുടുങ്ങിക്കിടക്കുകയാണെന്ന് ലാത്‍വിയയിലെ ഇന്ത്യൻ എംബസിയിലെത്തിയ തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളുടെ ആരോപണങ്ങൾ കമ്പനി ഉടമ നിഷേധിച്ചതായി ലാത്‌വിയൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

രേഖകൾ പരിശോധിക്കുന്നതിനു താൽക്കാലികമായാണു പാസ്‌പോർട്ട് വാങ്ങിയതെന്നും പിന്നീട് തിരികെ നൽകിയെന്നും തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടുണ്ടെന്നും ഉടമ അവകാശപ്പെട്ടു. ചില തൊഴിലാളികൾ ലാത്വിയ വിട്ട് ലിത്വാനിയയിൽ അനധികൃതമായി ജോലി ചെയ്യാൻ ശ്രമിക്കുന്നതായി സംശയിച്ചതിനെത്തുടർന്നാണ് തൊഴിൽ അവസാനിപ്പിച്ചതെന്നും ഉടമകൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *