മണിപ്പൂരില്‍ രണ്ട് കുക്കികള്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം നാഗാ വംശജരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വംശീയ സംഘര്‍ഷം. സേനാപതി, കംജോങ് ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു. ബന്ദികളാക്കപ്പെട്ട ആറ് നാഗാ വംശജരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കംജോങ് ജില്ലയിലെ കുല്‍തു ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ആക്രമികള്‍ ഗ്രാമത്തിലെ പള്ളിയും ഉള്‍പ്പെടെ ഏഴ് കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേണ്‍ കുക്കി ചീഫ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
എന്നാല്‍, അതിര്‍ത്തി മേഖലയിലെ ആധിപത്യത്തെച്ചൊല്ലി രണ്ട് കുക്കി സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഈസ്റ്റേണ്‍ കമാന്‍ഡ് നാഗാ വില്ലേജ് ഗാര്‍ഡ് പറഞ്ഞു.
മെയ് 9-ാം തീയതി നാഗാവിഭാഗം മൂന്ന് കുക്കി വൈദികരെ കൊലപ്പെടുത്തിയതോടെയാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും എതിര്‍ചേരിയില്‍പ്പെട്ട ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി. ഇവരില്‍ ഭൂരിഭാഗം പേരെയും ഇരുവിഭാഗങ്ങളും ചര്‍ച്ചകളിലൂടെ വിട്ടയച്ചെങ്കിലും, ആറ് നാഗാ വംശജരെ കാണാതായിരുന്നു. ഇവര്‍ക്കായി പോലീസ്, സിആര്‍പിഎഫ്, അസം റൈഫിള്‍സ് എന്നിവരുടെ നേതൃത്വത്തില്‍ 450-ഓളം ഉദ്യോഗസ്ഥര്‍ ആഴ്ചകളായി തിരച്ചില്‍ നടത്തിവരികയായിരുന്നു.ഈ ആറുപേരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെടുത്തതിനെത്തുടര്‍ന്ന് സേനാപതി ജില്ലയില്‍ വന്‍ പ്രതിഷേധമുണ്ടായി. നാഗാ ഭൂരിപക്ഷ പ്രദേശമായ സേനാപതിയില്‍ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിക്കുകയും തീയിടുകയും ചെയ്തു. ബുധനാഴ്ച രാത്രി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചപ്പോഴും വന്‍ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നാഗാ വംശജരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ വ്യാഴാഴ്ച സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *