ഐസ്‌ക്രീം സീറ്റില്‍ വീണതിന് മര്‍ദനം; ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആണ്‍സുഹൃത്ത്, അഭിഭാഷകയായ അമ്മ ഒളിവില്‍

ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ജി.എന്‍. മോഹന്‍ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം കാറിനുള്ളില്‍ വീണതിന് പ്രതി കുട്ടിയെ മര്‍ദിച്ചെന്നും വായ പൊത്തിപ്പിടിച്ചെന്നും ഇതാണ് മരണകാരണമെന്നും പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു.
ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകള്‍ വെണ്ണില(6)യാണ് മാര്‍ച്ച് 24-ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വര്‍ഷമാദ്യം വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ദമ്പതിമാരുടെ മൂത്തമകള്‍ പ്രവീണിനൊപ്പവും രണ്ടാമത്തെ മകളായ വെണ്ണില പ്രിയങ്കയ്ക്കൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജിലെ സുഹൃത്തായിരുന്ന മോഹന്‍ പ്രിയങ്കയ്ക്കും മകള്‍ക്കും ഒപ്പം താമസമാരംഭിച്ചു. ബെംഗളൂരുവിലെ ആഡംബരവില്ലയിലായിരുന്നു അഭിഭാഷകയായ പ്രിയങ്കയും ആണ്‍സുഹൃത്തും താമസിച്ചുവന്നിരുന്നത്.
മാര്‍ച്ച് 24-നാണ് ആറുവയസ്സുകാരിയായ വെണ്ണില ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പ്രവീണ്‍ തുടക്കംമുതലേ ആരോപിച്ചിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസില്‍ പരാതിയും നല്‍കി. പോലീസ് സംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മര്‍ദനമേറ്റതടക്കം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. ഒളിവില്‍പോയ മോഹനെ ജൂണ്‍ നാലാം തീയതിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ കുട്ടിയെ മര്‍ദിച്ചതായും കരഞ്ഞപ്പോള്‍ വായയും മൂക്കും പൊത്തിപ്പിടിച്ചതായും ഇയാള്‍ സമ്മതിക്കുകയായിരുന്നു.
സംഭവദിവസം പ്രിയങ്കയും മകളും മോഹനും ഷോപ്പിങ്ങിന് പോയിരുന്നു. ഇതിനുശേഷം മൂവരും ഹൊസ്‌കോട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി. തിരികെ കാറില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളില്‍ വീണു. കാറിലെ സീറ്റിലും മാറ്റിലും ഐസ്‌ക്രീം പരന്നൊഴുകി. ഇത് പ്രതിയെ പ്രകോപിപ്പിച്ചു. പിന്നാലെ മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കരയാന്‍ തുടങ്ങി. ഇത് പ്രതിയെ കൂടുതല്‍ പ്രകോപിപ്പിച്ചെന്നും തുടര്‍ന്ന് കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറില്‍ തുടരെ ഇടിച്ചെന്നുമാണ് പോലീസ് പറയുന്നത്. കരച്ചില്‍ നിര്‍ത്താനായി കുട്ടിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചെന്നും പോലീസ് പറഞ്ഞു.
ശ്വാസംമുട്ടിയും ആന്തരികമായ പരിക്കും കാരണമാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പോലീസ് സംഘം കാറില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം, പ്രിയങ്ക ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
2025 നവംബറിലാണ് കോളേജിലെ സുഹൃത്തായിരുന്ന മോഹനെ പ്രിയങ്ക വീണ്ടും കണ്ടുമുട്ടിയതെന്നാണ് കേസിലെ പരാതിക്കാരനായ പ്രവീണ്‍ പറയുന്നത്. കോളേജ് പഠനകാലത്ത് മോഹനും പ്രിയങ്കയും കമിതാക്കളായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.
ഈ വര്‍ഷം ജനുവരിയിലാണ് പ്രിയങ്ക വിവാഹമോചനത്തിന് നിര്‍ബന്ധിച്ചത്. സമ്മര്‍ദം ചെലുത്തി വിവാഹമോചന രേഖകള്‍ ഒപ്പിട്ടുവാങ്ങി. തുടര്‍ന്ന് മോഹനും പ്രിയങ്കയും ബെംഗളൂരുവിലെ ആഡംബരവില്ലയില്‍ ഒരുമിച്ച് താമസവും തുടങ്ങി. മോഹന്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. ഇവരെ ഉപേക്ഷിച്ചാണ് പ്രിയങ്കയ്ക്കൊപ്പം താമസം ആരംഭിച്ചത്. പ്രിയങ്കയ്ക്കൊപ്പം താമസം തുടങ്ങിയ മോഹനെ ഇയാളുടെ ഭാര്യ തിരഞ്ഞുവരികയും ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയുംചെയ്തിരുന്നു. മകള്‍ മരിച്ചതിന് മൂന്നുദിവസം മുന്‍പ് പ്രിയങ്കയും മോഹനും ഒരുമിച്ച് മധുരയിലേക്ക് യാത്രപോയിരുന്നു. മാര്‍ച്ച് 24-ന് ഈ യാത്ര കഴിഞ്ഞെത്തിയശേഷമാണ് മകളെയും കൂട്ടി പുറത്തുപോയതെന്നും പ്രവീണ്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *