തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.
സംസ്ഥാനത്തെ 11 ജില്ലകൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, എറണാകുളം ജില്ലകളിൽ ഇന്ന് അവധിയാണ്.
രാവിലെ 4 മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകൾക്കും യെലോ അലർട്ടാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.