ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ‘ഡോണ്‍ 3’-യില്‍നിന്ന് നടന്‍ രണ്‍വീര്‍ സിങ് പിന്മാറിയത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘ധുരന്ധര്‍’ ചിത്രങ്ങളുടെ വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന രണ്‍വീര്‍, നേരത്തെ കരാറിലെത്തിയ ‘ഡോണ്‍ 3’-യില്‍നിന്ന് പിന്മാറിയതോടെ നടന് വിലക്ക് ഏര്‍പ്പെടുത്താന്‍ ബോളിവുഡിലെ സിനിമാ സംഘടന തീരുമാനിച്ചിരുന്നു. നടനുമായി സഹകരിക്കരുതെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് നിര്‍ദേശം നല്‍കി. വിലക്ക് ഭീഷണി നേരിടുന്ന രണ്‍വീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്.
ബോളിവുഡിലെ പാകിസ്താന്‍ പ്രേമികളാണ് നടനെതിരായ നടപടിക്കുപിന്നില്‍ എന്ന് കങ്കണ ആരോപിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം. എന്തുകൊണ്ടാണ് രണ്‍വീര്‍ വിവാദത്തില്‍പ്പെട്ടത് എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ആദ്യം നടി തയാറായില്ല. എന്നാല്‍, സിനിമയില്‍ സമാനമായ സാഹചര്യങ്ങള്‍ നേരിട്ട നടിയുടെ വ്യക്തിപരമായ കാഴ്ചപ്പാട് എന്താണെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് നടി മനസ്സുതുറന്നത്.
‘ഈ ഇന്‍ഡസ്ട്രിയില്‍ പലര്‍ക്കും അല്പം പാകിസ്താന്‍ സ്നേഹമുണ്ട്. പാകിസ്താനോട് അനുതാപം കാണിക്കാനോ ആരാധിക്കാനോ ആണ് മിക്കവാറും സിനിമകള്‍ നമ്മളെ പഠിപ്പിച്ചത്. അതാണ് കാലങ്ങളായി അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്’, കങ്കണ പറഞ്ഞു.
‘ധുരന്ധര്‍’ വിജയത്തിന്റെ പിന്നാലെയുള്ള വിലക്ക് ചൂണ്ടിക്കാണിച്ചപ്പോള്‍ അതുതന്നെയാണ് പ്രധാനകാരണമെന്ന് നടി പ്രസ്താവിച്ചു. ‘അതെ, അതുതന്നെയാണ് കാര്യം. പാകിസ്താന്റെ യഥാര്‍ഥ മുഖം കാണിക്കുന്ന ഒരു സിനിമ പുറത്തുവരുമ്പോള്‍, ഇത്തരക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാവും. ഇത്രയും കാലം തങ്ങള്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് ഇനി എന്തുവിലയാണുള്ളതെന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങും’, കങ്കണ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ ഭീകരവാദ ശൃംഖലയില്‍ കടന്നുകയറി അതിനെ ഇല്ലാതാക്കുന്ന ഇന്ത്യന്‍ ചാരന്റെ വേഷത്തിലാണ് രണ്‍വീര്‍ ‘ധുരന്ധര്‍’ ചിത്രങ്ങളിലെത്തിയത്. രണ്ടുഭാഗങ്ങള്‍ കൂടി 3000 കോടി രൂപ ബോക്സ് ഓഫീസില്‍നിന്ന് നേടി. ഫര്‍ഹാന്‍ അക്തര്‍ സംവിധാനംചെയ്യുന്ന ‘ഡോണ്‍ 3’-യിലായിരുന്നു ‘ധുരന്ധറി’ന് പിന്നാലെ രണ്‍വീര്‍ ഭാഗമാകേണ്ടിയിരുന്നത്. എന്നാല്‍, ചിത്രീകരണം തുടങ്ങാനിരിക്കെ നടന്‍ പിന്മാറി. 45 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്തെത്തിയതോടെയാണ് രണ്‍വീറിനെതിരെ നടപടിയുണ്ടായത്.