കരിമ്പന വ്യവസായം കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ

ഉദിയൻകുളങ്ങര: കരിമ്പന ഉത്പന്നങ്ങളുടെ വിപണനവും തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് ആരംഭിച്ച കെൽപാം കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ വക്കിൽ. ഉദിയൻകുളങ്ങര, കൊറ്റാമത്ത് 1985-ലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ പരമ്പരാഗത പന കയറ്റുതൊഴിലാളികൾക്ക് പ്രയോജനകരമാകുന്ന പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. 2023-24 സാമ്പത്തിക വർഷത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനത്തിൽ നിലവിൽ തൊഴിലാളികൾക്ക് ശമ്പളംപോലും നൽകാനാകാത്ത അവസ്ഥയാണ്. കരിമ്പന വ്യവസായം പാടേ നിലച്ച അവസ്ഥയിൽ വൃക്ഷങ്ങൾ മുറിച്ച് തമിഴ്നാട് ഭാഗങ്ങളിൽ ചുടുകല്ല് ചൂളകളിൽ വിറകായി ഉപയോഗിക്കുകയാണ്. കരിമ്പനകളിൽ കയറാൻ തൊഴിലാളികളില്ലാത്തതും നൂതന മാർഗങ്ങൾ പരീക്ഷിക്കാൻ കഴിയാത്തതുമാണ് ഓഫീസിന്റെ തകർച്ചയ്ക്ക് കാരണമായി നാട്ടുകാർ പറയുന്നത്.

 ഡിമാൻഡുള്ള വിഭവങ്ങൾ

കൂടാതെ പനംകള്ള്, പനംചക്കര,​പനംകൽക്കണ്ടം എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. മായം കലർന്ന അന്യസംസ്ഥാന കരിപ്പട്ടികളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. പന വ്യവസായത്തിൽ നിന്നും ശുദ്ധമായ കരിപ്പട്ടി നിർമ്മാണത്തിനുള്ള അക്കാനി ലഭിക്കും. ഈ അക്കാനി സമയം വൈകിയാണെടുക്കുന്നതെങ്കിൽ അതിൽ ചുണ്ണാമ്പ് കലക്കി കള്ളായി ശേഖരിക്കുകയാണ് പതിവ്.

 തൊഴിലാളികളില്ല

പന കയറ്റുപകരണങ്ങൾ നൽകി തൊഴിലാളികളെ പ്രോത്സാപിപ്പിക്കുക, സാമ്പത്തിക​ ആനുകൂല്യങ്ങൾ നൽകുക എന്നിവയുണ്ടായാൽ പരമ്പരാഗത വ്യവസായം സംരക്ഷിക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *