ഓപ്പറേഷന്‍ അമിസ്റ്റാഡ്’, രണ്ട് വിമാനങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി, 35 ടണ്‍ ജീവന്‍ രക്ഷാമരുന്നെത്തിച്ചു; മരണം 1,430 ആയി

കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തില്‍ മരണസംഖ്യ 1,430 ആയി. ദുരന്തത്തില്‍ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചന. ലാ ഗ്വയ്‌റയില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഭൂകമ്പം തകര്‍ത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷന്‍ അമിസ്റ്റാഡ്’ എന്ന പേരില്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി അറിയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ അടിയന്തര രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. മെഡിക്കല്‍ സംഘം വെനസ്വേലയില്‍ എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. സ്പാനിഷ് ഭാഷയില്‍ ‘അമിസ്റ്റാഡ്’ എന്നാല്‍ ‘സൗഹൃദം’ എന്നാണ് അര്‍ത്ഥം. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളാണ് വെനിസ്വേലയ്ക്ക് രക്ഷാഹസ്തവുമായി പോയത്. ഇന്ത്യന്‍ ആര്‍മിയുടെ 60 പാരാ ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് വിമാനത്തിലുള്ളത്. ഇതില്‍ 9 മെഡിക്കല്‍ ഓഫീസര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവന്‍രക്ഷാ മരുന്നുകള്‍, അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സാമഗ്രികള്‍ എന്നിവ ഇന്ത്യ അയച്ചിട്ടുണ്ട്.

ദുരന്തമുഖങ്ങളില്‍ മിനിറ്റുകള്‍ക്കകം സജ്ജീകരിക്കാന്‍ കഴിയുന്ന രണ്ട് അത്യാധുനിക പോര്‍ട്ടബിള്‍ മൊബൈല്‍ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്റെ ഭാഗമായി വെനിസ്വേലയിലെത്തിച്ചിട്ടുണ്ട്. വെനിസ്വേലയിലെ ജനങ്ങള്‍ നേരിടുന്ന ഈ കഠിനമായ സാഹചര്യത്തില്‍ ഇന്ത്യ അവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണ്- വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *