ജില്ലയിൽ 10 ഇടങ്ങൾ വയനാടിന് സമാനം ഉരുൾ മലയോരത്ത്

കോട്ടയം: വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തപശ്ചാത്തലത്തിൽ ജില്ലയിലും സമാനമായ പ്രകൃതിദുരന്ത സാദ്ധ്യതയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി.പത്തിടങ്ങളിൽ ഉരുൾപൊട്ടൽ സൗദ്ധ്യതയും പതിനൊന്ന് ഇടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ടെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്തസൂചികാ ഭൂപടത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ശക്തമായ മഴ തുടർന്നാൽ മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മഴ മാറിനിൽക്കുന്നത് ഈ സീസണിൽ ആശ്വാസമാണ്. അതേസമയം, കിഴക്കൻപടിഞ്ഞാറൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരപ്രദേശങ്ങളിലാണ് വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കൂടുതൽ സാദ്ധ്യത.

മഴകനത്താൽ പ്രതിസന്ധി ഇവിടെ

കാഞ്ഞിരപ്പള്ളി, മീനച്ചിൽ, കോട്ടയം, വൈക്കം താലൂക്കുകളെയാണ് മഴ സാരമായി ബാധിക്കുക.മുൻപ് ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമുണ്ടായ കൂട്ടിക്കൽ പ്രദേശവും അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്.

മണ്ണിടിച്ചിൽ, ഒപ്പം കൃഷിനാശം

മഴ സീസണിൽ പതിവായി ഉരുൾപൊട്ടൽ ഉണ്ടാവാറുണ്ടെങ്കിലും കൂട്ടിക്കലിന് ശേഷം ജില്ലയിൽ കാര്യമായ ദുരന്തമുണ്ടായിട്ടില്ല. മഴ ശക്തമാകുമ്പോൾ മണ്ണിടിച്ചിലുകൾ മാത്രമാണ് മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തത്. തോട്ടങ്ങളിലും പറമ്പുകളിലുമായിരുന്നു ഇത് ഏറെയും. വ്യാപകമായി കൃഷിനാശം മാത്രമാണ് ഉണ്ടായിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ച് അതിശക്തമായ മഴ പെയ്യുന്നതാണ് പലപ്പോഴുമുള്ള വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *