ഐവറി കോസ്റ്റിനെ കീഴടക്കി നോര്‍വേ പ്രീ-ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: രക്ഷകനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് അവതരിച്ചപ്പോള്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച് നോര്‍വേ. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നോര്‍വേ ഐവറി കോസ്റ്റിനെ നോക്കൗട്ടില്‍ കീഴടക്കിയത്. 86-ാം മിനിറ്റിലാണ് ഹാളണ്ട് വിജയഗോള്‍ നേടിയത്. ബ്രസീലാണ് പ്രീ-ക്വാര്‍ട്ടറില്‍ നോര്‍വേയുടെ എതിരാളികള്‍.
പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മികച്ച മുന്നേറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലര്‍ത്തിയത്. അവസരങ്ങള്‍ സൃഷ്ടിച്ച് നോര്‍വേ ഗോള്‍മുഖത്ത് ഐവറി കോസ്റ്റ് നിരന്തരം അപകടമുയര്‍ത്തി. മറുവശത്ത് ഹാളണ്ടും സോര്‍ലോത്തും അടങ്ങുന്ന നോര്‍വേ മുന്നേറ്റവും പതിയെ ആക്രമിച്ചുകളിച്ചു. ആദ്യ 30 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ആദ്യപകുതിയുടെ അവസാനം കടുത്ത ആക്രമണപ്രത്യാക്രമണങ്ങളാണ് മൈതാനത്ത് കണ്ടത്.
35-ാം മിനിറ്റില്‍ ഇമ്മാനുവല്‍ അഗ്ബദൗ ഗോളിനടുത്തെത്തി. പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. സേവുമായി നോര്‍വേ ഗോളി ഒര്‍ജാന്‍ ലനൈലാന്‍ഡ് രക്ഷക്കെത്തി. പിന്നാലെ ഹാളണ്ട് ഐവറി കോസ്റ്റ് ബോക്‌സില്‍ അപകടം വിതച്ചു. ഐവറി കോസ്റ്റ് ഗോളി യഹിയ ഫൊഫാന തകര്‍പ്പന്‍ സേവുമായി കളം നിറഞ്ഞു. ഒടുക്കം 39-ാം മിനിറ്റില്‍ നോര്‍വേ മുന്നിലെത്തി. വിങ്ങര്‍ അന്റോണിയോ നൂസയാണ് സ്‌കോറര്‍. ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് താരം ഗോള്‍ നേടിയത്. ആദ്യപകുതി ഒരുഗോളിന് നോര്‍വേ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് ഐവറി കോസ്റ്റ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. നോര്‍വേ പ്രതിരോധം പലകുറി പരീക്ഷിക്കപ്പെട്ടു. 55-ാം മിനിറ്റില്‍ ഐവറി കോസ്റ്റിന് മികച്ച അവസരവും ലഭിച്ചു. നിക്കൊളാസ് പെപ്പെ പോസ്റ്റിലേക്ക് ഉഗ്രന്‍ ഷോട്ടുതിര്‍ത്തു. ഷോട്ട് നോര്‍വേ ഗോളി തട്ടിയകറ്റി. പകരക്കാരെ ഇറക്കി ഐവറി കോസ്റ്റ് മുന്നേറ്റം ശക്തമാക്കി. അതിന് ഫലവുമുണ്ടായി. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ തകര്‍പ്പന്‍ ഗോളിലൂടെ സമനിലപിടിച്ചു. വലതുവിങ്ങില്‍ ബോക്‌സിനുള്ളില്‍ വെച്ച് നോര്‍വേ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയാണ് ഗോളടിച്ചത്. അതോടെ സ്‌കോര്‍ 1-1.
എന്നാല്‍ മത്സരം അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് നോര്‍വേ ലീഡെടുത്തു. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ് ഗോളടിച്ചത്. പാട്രിക് ബെര്‍ഗിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് ഐവറി കോസ്റ്റിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.