വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിനെക്കുറിച്ച് ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ രുദ്രേന്ദ്ര ടണ്ടൻ. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടമായ ന്യൂസിലൻഡ് സന്ദർശന വേളയിലാണ് ഈ ചോദ്യം ഉയർന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്ഥലമല്ല ഇതെന്നാണ് രുദ്രേന്ദ്ര ടണ്ടൻ ഈ ചോദ്യത്തിന് മറുപടി നൽകിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സഹകരണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉദ്യോഗസ്ഥർ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് ഒരു പത്രസമ്മേളനം നടത്തുന്നില്ല? എന്നാണ് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത്.
‘ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ രീതിയെ ചോദ്യം ചെയ്യുന്നത് എനിക്ക് ഉചിതമായി തോന്നുന്നില്ല. അദ്ദേഹം വിജയിയായ ഒരു രാഷ്ട്രീയക്കാരനാണ്. പൊതുവെ ഇന്ത്യൻ രാഷ്ട്രീയക്കാർ അവരുടെ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാൻ ഇഷ്ടപ്പെടുന്നു. അവർക്ക് നേരിട്ടുള്ള ബന്ധം വേണം. താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് അവർക്ക് ഇഷ്ടമല്ല. ഇടനിലക്കാർ വഴി സംസാരിക്കുന്നതും അവർക്ക് ഇഷ്ടമല്ല.
വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള കലയിൽ പ്രധാനമന്ത്രി അസാമാന്യമായ വൈദഗ്ധ്യം നേടിയിട്ടുണ്ട്. അദ്ദേഹം അത് വളരെ മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ടെന്ന് വേണം പറയാൻ. കാരണം, അദ്ദേഹം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടുവല്ലോ. ഇപ്പോൾ തന്റെ മൂന്നാം ഊഴത്തിലാണ് അദ്ദേഹം. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നവരിൽ ഒരാളാണ് അദ്ദേഹം’- രുദ്രേന്ദ്ര ടണ്ടൻ പറഞ്ഞു.
നേരത്തെ, നോർവേ സന്ദർശനത്തിനിടെ സമാനമായ ചോദ്യം മോദിയോട് ഒരു മാദ്ധ്യമപ്രവർത്തക ചോദിച്ചിരുന്നു. മെയ് മാസത്തിൽ ഓസ്ലോയിൽ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണിത്. വേദി വിട്ടുപോകുമ്പോൾ മാദ്ധ്യമപ്രവർത്തകയായ ഹെല്ലെ ലിങ് മോദിയെ വിളിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. അന്നും വിദേശകാര്യ ഉദ്യോഗസ്ഥനാണ് മറുപടി നൽകിയത്.