പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ നാലുദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം ‘കൃഷ്ണ കൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവരുടെ വീട് കഴിഞ്ഞ നാലുദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നു. എന്നാൽ ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും ഉണ്ടോയെന്ന് സംശയമുണ്ട്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്നാണ് പൊലീസ് അറിയിച്ചത്. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിരുന്നതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ എവിടെയെങ്കിലും മാറി നിൽക്കുന്നതാണോയെന്നും പൊലീസ് അന്വേഷിക്കും.