സെന്തൂരപ്പൂവ് കൊഴിഞ്ഞു,​ അവസാന ഗാനവും മലയാളത്തിൽ

വിഖ്യാത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി വിട പറയുമ്പോൾ പാട്ടിന്റെ 60വർഷം കൂടി പടിയിറങ്ങി . പതിമൂന്നോളം ഭാഷകളിലായി പടുത്തുയർത്തിയ വിശാലമായ ഗാനസാമ്രാജ്യം ആയിരുന്നു അത്.

പഴയ ആന്ധ്രപ്രദേശിൽ ഗുണ്ടൂർ ജില്ലയിലെ കൊച്ചുഗ്രാമത്തിൽ ജനിച്ച എസ്. ജാനകി കുട്ടിക്കാലം തൊട്ട് സംഗീത വഴികളിലാണ് സഞ്ചരിച്ചത്. ഭൈരസ്വാമി എന്ന സംഗീതജ്ഞന്റെ കീഴിൽ സംഗീത പഠനം ആരംഭിച്ചെങ്കിലും പത്താം വയസിൽ ഗുരുവിന്റെ വിയോഗത്തോടെ അവസാനിപ്പിക്കേണ്ടിവന്നു.അമ്മാവൻ ഡോ. ചന്ദ്രശേഖർ നൽകിയ പ്രോത്സാഹനവുമായി മദ്രാസിലേക്ക് വണ്ടി കയറിയത് ഗാന ചരിത്രം ആയി .

 

ആറു ഭാഷകളിൽ ഒരേ വർഷം അരങ്ങേറ്റം

പത്തൊമ്പതാം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപതിറാവു ഇൗണം പകർന്ന ഗാനം ആലപിച്ച് അരങ്ങേറ്റം കുറിച്ചു. പാട്ടുകൾ തെലുങ്കിൽ എഴുതി പഠിച്ചു. ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങിയില്ല. തെലുങ്ക് പതിപ്പ് വൻ ഹിറ്റായി മാറി. അരങ്ങേറ്റം കുറിച്ച 1957 ൽ തന്നെ ആറ് ഭാഷകളിൽ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു.

1957 ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല ‘ എന്ന ചിത്രത്തിലെ ഇരുൾമൂടുകയോ എൻ വാഴ്‌വിൽ എന്ന ഗാനം ആണ് മലയാളത്തിലേക്ക് വരവറിയിച്ചത്.പി. ഭാരതിരാജ സംവിധാനം ചെയ്ത 16 വയതിനിലെ സിനിമയിൽ ഇളയരാജയുടെ സംഗീതത്തിൽ സെന്തൂര പൂവേ എന്ന ഗാനം ദേശീയ അംഗീകാരം നേടി എടുത്തു. തമിഴ് ഹിറ്റ് ചാർട്ട് കടന്ന് ആ പാട്ട് ഇപ്പോഴും യാത്രയിൽ.

 

 

ബാബുരാജിന്റെയും

പി. ഭാസ്കരന്റെയും പാട്ടുകാരി

 

മലയാളത്തിൽ എസ്. ജാനകിയുടെ ശബ്ദം മനോഹരമായി ഉപയോഗിച്ച സംഗീത സംവിധായകൻ എം.എസ്. ബാബുരാജിനെ പോലെ മറ്റാരും ഉണ്ടാവില്ല.

ബാബുരാജ് ഇൗണമിട്ട 576 ഗാനങ്ങളിൽ 128 ഗാനങ്ങളും ജാനകിയമ്മയുടെ ശബ്ദത്തിലാണ്. ബാബുരാജിന്റെ സംഗീതക്കൂട്ടുകളുടെ മനസറിഞ്ഞ ഗായിക എസ്. ജാനകി ആണ്.പി. ഭാസ്കരന്റെയും പ്രിയ ഗായിക.

ഭാർഗ്ഗവീനിലയത്തിലെ വാസന്ത പഞ്ചമിനാളിൽ, തറവാട്ടമ്മയിലെ ഒരുകൊച്ചു സ്വപ്നത്തിൽ തുടങ്ങി പി. ഭാസ്കരന്റെ അനേകമനേകം സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് പിന്നീട് മലയാളികളുടെ നാവിൻതുമ്പിൽ തത്തിക്കളിച്ചത്. പി. ഭാസ്കരൻ എഴുതിയ 235 പാട്ടുകൾ പാടിയത് എസ്. ജാനകി ആണ് എന്നതും ചരിത്രം.വി.വി. ദക്ഷണാമൂർത്തി, കെ. രാഘവൻ , ചിദംബരനാഥ്, ബ്രദർ ലക്ഷ്മൺ, എൽ.പി, ആർ. വർമ്മ, പി.എസ്. ദിവാകർ, ആർ.കെ. ശേഖർ, എം.എസ്. വിശ്വനാഥൻ, പുകഴേന്തി, എം.ബി. ശ്രീനിവാസൻ, സലിൽ ചൗധരി, എ.ടി. ഉമ്മർ, ലക്ഷ്മികാന്ത് പ്യാരേലാൽ ,ഇളയരാജ, , ശ്യാം, രവീന്ദ്രൻ ജോൺസൺ തുടങ്ങി എത്രയെത്ര സംഗീത സംവിധായകർ.

ദക്ഷിണേന്ത്യൻ ഭാഷകൾക്കുപുറമെ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ളീഷ്, സംസ്കൃതം , തുളു, കൊങ്ങിണി, ബഡഗ, സിംഹള, ജർമ്മൻ ഭാഷകളിലും പാടിയിട്ടുണ്ട്.

ഒരുതവണ മലയാളം ഗാനവും രണ്ടുതവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്ക് ഗാനവും ദേശീയ പുരസ്കാരം നേടി കൊടുത്തു.

 

 

മലയാളികളുടെ സ്വന്തം ജാനകിയമ്മ

എന്നും മലയാളികൾ എസ്. ജാനകിയെ സ്വന്തമായി കണ്ടു. ജാനകിയമ്മ എന്ന് സ്നേഹത്തോടെ വിളിച്ചു. 1981 ഓപ്പോളിലെ ഗാനത്തിലൂടെയാണ് ആദ്യമായി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മലയാളത്തിലേക്ക് എത്തിക്കുന്നത് എസ്. ജാനകി ആയിരുന്നു.

മലയാളികളുടെ സ്നേഹം തനിക്ക് സന്തോഷം തരുന്നു എന്ന് ജാനകി എത്രയോവട്ടം പറഞ്ഞിട്ടുണ്ട്.കുട്ടിക്കാലം മുതൽ കടുത്ത കൃഷ്ണഭക്തയായിരുന്നു . വിവാഹം കഴിഞ്ഞ് ഭർത്താവ് വി. രാമപ്രസാദിന്റെ വീട്ടിൽ എത്തിയപ്പോൾ ഷിർദ്ദി ബാബയെക്കുറിച്ച് ജാനകിഅമ്മ അറിയുന്നത് – പിന്നീട് കൃഷ്ണനൊപ്പം ഷിർദ്ദിബാബയും ജാനകിയമ്മയുടെ പ്രാർത്ഥനയിൽ നിറഞ്ഞു.

 

ഇനി പാടില്ല എന്ന തീരുമാനം

2017 ഒക്ടോബറിൽ മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അപ്പോൾ പ്രഖ്യാപിച്ചു.

2016ൽ ഡോൺമാക്സ് സംവിധാനം ചെയ്ത പത്തുകല്പനകളിൽ എന്ന സിനിമയിൽ ‘അമ്മപ്പൂവിന്’ എന്ന താരാട്ട് പാട്ട് പാടിയാണ് പാട്ട് ജീവിതം അവസാനിപ്പിക്കുന്നത്.ഇനി പാട്ട് ജീവിതം അവസാനിപ്പിക്കൂ എന്ന് കൃഷ്ണൻ തന്നോട് പറഞ്ഞതായി അമ്മപ്പൂവിന്’ പാടി ഇറങ്ങിയപ്പോൾ എസ്. ജാനകി പറഞ്ഞു.

ഇനി പാടുന്നില്ലെന്ന് തീരുമാനിച്ചതോടെ ആരാധകരുടെ അനേകമായിരം ഫോൺകോളുകളാണ് എത്തിയത്.

” ഇനി മതി എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. എത്രയെത്ര ഗാനങ്ങൾ. എന്നും ഇതുപോലെയിരിക്കാൻ ഇൗശ്വരൻ അനുവദിക്കില്ലല്ലോ. എന്റെ കാലം കഴിഞ്ഞാലും ആ ഗാനങ്ങൾ ഇൗ മണ്ണിൽ നിലനിൽക്കും.” എന്ന് പറഞ്ഞത് സംഗീത പ്രേമികൾ ഇപ്പോഴും മറന്നിട്ടില്ല.

1990 ൽ ഭർത്താവ് വി. രാമപ്രസാദിന്റെ മരണം. കഴിഞ്ഞ ജനുവരി 22ന് ആയിരുന്നു ഏക മകൻ മുരളികൃഷ്ണയുടെ വിയോഗം. എസ്. ജാനകി വിട പറയുമ്പോൾ ബാക്കിയാകുന്നത് മനോഹരമായ ഗാനശാഖയാണ്. അവ പാടി കൊണ്ടേയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *