ആലപ്പുഴ: ആലപ്പുഴയിൽ ജി സുധാകരന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍. അമ്പലപ്പുഴ തോട്ടപ്പള്ളിയിലെ പാടശേഖരസമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ സുധാകരന്‍ സിപിഎമ്മിനെ വിമര്‍ശിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
പൊതുപരിപാടിയില്‍ സിപിഎം നേതാക്കളെ അവഹേളിക്കുന്നത് എന്തിനെന്നായിരുന്നു പ്രവർത്തകരുടെ ചോദ്യം. ഇതോടെ പ്രസംഗം പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു. എംഎൽഎയെന്ന നിലയിൽ ജി സുധാകരൻ പങ്കെടുക്കുന്ന പരിപാടികളിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് സിപിഎം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് അദ്ദേഹം വീണ്ടും വിമർശനം തുടർന്നതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞദിവസം സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ പറഞ്ഞത് വലിയ വിമശനങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും വിമർശനം. ഇതോടെ ആലപ്പുഴയിൽ സിപിഎമ്മും ജി സുധാകരനും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുകയാണ്.