വിതുര ∙ പൊന്മുടിയിൽ നിന്നു ഹെയർപിൻ വളവുകൾ ഇറങ്ങുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ പരിമിതപ്പെടുത്തണം എന്ന് ആവശ്യം. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രിയദർശിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ആറാം വളവിൽ നിയന്ത്രണം വിട്ടിരുന്നു. ഡ്രൈവർ അതി സാഹസികമായി റോഡിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. 35 സീറ്റുകൾ ഉള്ള ബസിൽ 80 യാത്രക്കാരിൽ അധികം ഉണ്ടായിരുന്നത് ദുരന്തസാധ്യത സൃഷ്ടിച്ചിരുന്നു.
പൊന്മുടി റൂട്ടിലെ കൊടും വളവുകളിലൂടെ ഇത്തരത്തിൽ ഇറങ്ങി വരുന്ന ബസുകൾ അപകട സാധ്യത കൂട്ടുന്നുണ്ട്. അതിനാലാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന ആവശ്യം ഉയരുന്നത്. പത്തനംതിട്ട ഗവിയിൽ കഴിഞ്ഞ ദിവസം കാടിനു നടുവിൽ തകരാറിലായ പ്രിയദർശിനി ബസിൽ 70 നു മുകളിൽ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെ കുത്തി നിറച്ചു കൊണ്ടുള്ള ഗവിയിലേക്കുള്ള ബസിന്റെ യാത്ര സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിട്ടും അപകടയാത്ര തുടർന്നതോടെ ബസിൽ കൊണ്ടുപോകുന്ന യാത്രക്കാരുടെ എണ്ണം ഇന്നലെ മുതൽ 55 ആക്കി പരിമിതപ്പെടുത്തി. അതുപോലെ പൊന്മുടി റൂട്ടിലും എണ്ണം പരിമിതപ്പെടുത്തണം എന്നാണ് ആവശ്യം.
അപകടകരമായ വളവുകളുള്ള വന പാത ആയതിനാൽ അപകട സാധ്യത ഏറെയാണ്. ഭൂരിഭാഗം ഇടങ്ങളിലും വാർത്താ വിനിമയ സൗകര്യമില്ല. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും അപകടാവസ്ഥ കൂട്ടുന്നു. ബസ്സിൽ കയറാൻ പോലും പറ്റാറില്ലെന്ന് തദ്ദേശവാസികൾ പറയുന്നു. അവധി ദിവസങ്ങളിൽ അധികമായി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കിലും സന്ദർശകരുടെ വരവ് കണക്കിലെടുക്കുമ്പോൾ അത് മതിയാവുന്നില്ല. അതേസമയം കൂടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.