സലിം കുമാറും ഭാഗ്യരാജും അടക്കമുളള കലാകാരന്മാർ അടുത്തിടെയാണ് നമ്മെ വിട്ട് പിരിഞ്ഞത്. ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായും ചർച്ചയായതുമായ ചിലതുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത പരിഗണിക്കാതെ മൊബൈൽ ക്യാമറകളുമായി ദൃശ്യങ്ങൾ പകർത്താൻ എത്തുന്നവരുടെ തിക്കും തിരക്കും പതിവായിരിക്കുകയാണ് ഇപ്പോൾ.
സലീം കുമാറിന്റെ സംസ്ക്കാര ചടങ്ങുകൾക്കിടെ മകൻ ചന്തു ഇത്തരക്കാരോട് പൊട്ടിത്തെറിച്ചത് വലിയ വാർത്തയായിരുന്നു. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.മഞ്ജു വാര്യരുടെ വാക്കുകൾ: ” സിവിക് സെന്‍സ് എന്നുളള വാക്ക് പല അവസരങ്ങളിലും കേട്ടിട്ടുളളതാണ്. വാക്കില്‍ ഉണ്ടെങ്കില്‍ സമൂഹത്തില്‍ അത് എത്രത്തോളം നടക്കുന്നുണ്ട് എന്നത് ചില അവസരങ്ങളില്‍ ചിന്തിച്ച് പോകാറുണ്ട്. ഈയടുത്ത് നമ്മള്‍ കണ്ട കുറച്ച് കാഴ്ചകളുണ്ട്. നമ്മുടെയൊക്കെ പ്രിയപ്പെട്ട നടന്‍ സലീം കുമാര്‍ ഈയടുത്ത് നമ്മളെയൊക്കെ വിട്ട് പിരിഞ്ഞിരുന്നു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയടക്കം, സലീമേട്ടന്റെ മകന്‍ ചന്തുവടക്കം അവിടെ നിന്ന് ഔചിത്യമില്ലാതെ പെരുമാറിയവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഈയടുത്ത് കണ്ടു.
അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴിലെ പ്രശസ്തനായ നടന്‍ ഭാഗ്യരാജ് അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മൊബൈല്‍ ക്യാമറകളുമായി കാര്യങ്ങളൊക്കെ പകര്‍ത്താന്‍ വന്നവരുടെ തിരക്ക് നിയന്ത്രിക്കാനുളള തിക്കിലും തിരക്കിലും പെട്ട് നമ്മളെല്ലാം വളരെ ബഹുമാനിക്കുന്ന നടി ശ്രീമതി രാധികയെ തട്ടി താഴെ ഇടുന്നതും അത് മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെയാണ് കണ്ടത്.
ഞാന്‍ കണ്ടതും ആരോ മൊബൈലില്‍ പകര്‍ത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നില്‍ക്കെ ചില കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി. നമ്മള്‍ എവിടെ നില്‍ക്കുന്നു, ഏത് അവസരത്തില്‍ നില്‍ക്കുന്നു നമ്മള്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മള്‍ സ്വയം പാലിക്കേണ്ട ചില നിയന്ത്രണങ്ങളുണ്ട്. ആ ഒരു ബോധം നമുക്ക് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.ജോലിയുടെ ഭാഗമായും അല്ലാതെയും പലപ്പോഴും വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കാനുളള അവസരം ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുളള ഒരു കാര്യം നമ്മുടെ അനുവാദം ഇല്ലാതെ, പ്രത്യേകിച്ച് കുട്ടികളുടെയോ പെറ്റ്‌സിന്റെ പോലും ചിത്രങ്ങളെടുക്കാന്‍ ആളുകള്‍ മടിക്കും. അനുവാദം ചോദിച്ചിട്ടേ എടുക്കൂ. എല്ലാവരുടേയും സ്വകാര്യത മാനിക്കപ്പെടേണ്ടതാണ് എന്നുളള ബോധ്യം നമ്മുടെ സമൂഹത്തില്‍ എത്രമാത്രമുണ്ട് എന്നറിയില്ല”.