ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്കടുത്ത് വീട്ടുടമ പുറത്തുപോയ സമയം നോക്കി വൻ കവർച്ച. പള്ളത്ത് മനക്കൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് ഞായറാഴ്ച വൈകിട്ട് കവർച്ച നടന്നത്. അഞ്ചര പവൻ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് പ്രാഥമികവിവരമനുസരിച്ച് നഷ്ടപ്പെട്ടിട്ടുള്ളത്.
ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ അബ്ദുൽ കരീമും ഭാര്യയും മരുമകളും തൃശ്ശൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വീടിന്റെ മുകളിലത്തെ നിലയിലെ ഗ്രില്ല് പൊളിച്ച്, വാതിൽ തകർത്താണ് കള്ളന്മാർ താഴത്തെ മുറിയിൽ എത്തിയിട്ടുള്ളത്. താഴത്തെയും മുകളിലത്തെയും മുറികളിലെ അലമാരകൾ പൂർണ്ണമായും വാരിവലിച്ചിട്ട നിലയിലാണ്. കൂടുതൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിർദ്ദേശപ്രകാരം വീട് ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ നഷ്ടപ്പെട്ട സാധനങ്ങളുടെ കൃത്യമായ വിവരങ്ങൾ പൂർണ്ണമായി ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.