ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു

ഗുരുവായൂർ ∙ ഭക്തജനത്തിരക്കേറിയ ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു. 3 മാസത്തിനുള്ളിൽ ഗുരുവായൂരിൽ 2 പേരാണ് ഇത്തരം ക്രിമിനലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണവും കുറവല്ല. ബസ്‌ സ്റ്റാൻഡിലും പൊതു സ്ഥലങ്ങളിലും അടിപിടിയും തെറിവിളിയും പതിവ്. ക്ഷേത്രത്തിൽ ഭജനം ഇരിക്കാൻ വന്ന് ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന സന്താനവല്ലിയെ (76) കഴിഞ്ഞ 9ന് കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് (55) പെരുമ്പാവൂരിൽ അടിപിടി ഉണ്ടാക്കി ഇവിടെയെത്തി ഒളിച്ചു താമസിക്കുകയായിരുന്നു.ശ്രീകൃഷ്ണ സ്കൂളിന് എതിർവശത്ത് പാതയോരത്ത് കിടന്നുറങ്ങിയ കട്ടപ്പന സ്വദേശി ധനേഷ്കുമാറിനെ (55) കഴിഞ്ഞ ഏപ്രിൽ 27ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ, മുൻപ് കൊലക്കേസുകളിൽ ഉൾപ്പെട്ട കുന്നംകുളം പന്തല്ലൂർ സ്വദേശി ഷൺമുഖൻ ക്ഷേത്ര പരിസരത്താണ് താമസിച്ചിരുന്നത്. ക്രിമിനലുകൾ തെരുവിലെ നിയമം തീരുമാനിക്കുന്ന സ്ഥിതിയാണ് രാജ്യത്താകെനിന്ന് തീർഥാടകരെത്തുന്ന നഗരത്തിൽ. ബലഹീനരെ ആക്രമിക്കുന്നു. മദ്യപിച്ച് ബഹളവും അടിപിടിയുമുണ്ടാക്കുന്നു.

സ്ത്രീകളെ ഉപദ്രവിക്കുന്നു. ഇവരെ തിരിച്ചറിയാതെയോ തടയാതെയോ പൊലീസും നഗരസഭയും ദേവസ്വവും കാഴ്ചക്കാരാകുന്നു. ക്ഷേത്രപരിസരത്ത് കഴിയുന്നവരുടെ വിശദാംശങ്ങൾ അടങ്ങുന്ന റജിസ്റ്റർ തയാറാക്കുക,  സൗജന്യ ഭക്ഷണം അർഹരായവർക്ക് മാത്രം നൽകുക, വഴിയോരക്കച്ചവടക്കാർക്കും ഹോട്ടലുകളിലും കടകളിലും ജോലി ചെയ്യുന്നവർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുക തുടങ്ങിയ താൽക്കാലിക പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ പോലും നടപടിയില്ല.

പൊലീസിന് ഗുരുതര പിഴവ്
കഴിഞ്ഞദിവസം  വയോധിക മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പരസ്യപ്പെടുത്തിയ  പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പൊലീസ് മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പിൽ പങ്കുവച്ച വിഡിയോ മൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കൊല്ലപ്പെട്ട വയോധികയെ അപമാനിക്കുന്ന വിധത്തിലായിരുന്നു കമന്റുകൾ. വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്നു കരയ്ക്കു കയറ്റുന്ന രംഗം പൊലീസ് പങ്കുവച്ചപ്പോൾ മൃതദേഹത്തോടു കാണിക്കേണ്ട മര്യാദ ലംഘിക്കപ്പെട്ടു. ടെംപിൾ പൊലീസിന്റെ നടപടി ധാർമികതയ്ക്കും നിയമത്തിനും എതിരായെന്ന വിമർശനമുയർന്നു.

Leave a Reply

Your email address will not be published. Required fields are marked *