നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി ക്യൂവിൽ കുഴഞ്ഞു വീണ് മരിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് കുമാർ (55)​ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10ഓടെയാണ് സംഭവം. രോഗിയെ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കാൻ ശ്രമിക്കുകയും ഹാർട്ട് അറ്റാക്കാണെന്ന് പറയുകയും ചെയ്തിട്ടും സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. ഇന്നലെ വൈകിട്ട് 6.58 നാണ് രാജേഷ് എത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയെ അയൽവാസി ഒരു ഓട്ടോയിൽ വളരെ വേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജി എടുക്കാനോ മറ്റു ചികിത്സകൾ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. രോഗിയുടെ വീടും ആശുപത്രിയും തമ്മിൽ അരക്കിലോമീറ്റർ അകലം മാത്രമേയുള്ളൂ. സംഭവത്തിൽ നാട്ടുകാ‌ർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ താത്ക്കാലികമായി മാറ്റിനിർത്തുമെന്ന് നെയ്യാറ്റിൻ ആശുപത്രി സൂപ്രണ്ട് ജോയി ജോൺ പറഞ്ഞു.
നിരവധി പരാതികളാണ് നെയ്യാറ്റിൻകര ആശുപത്രിക്കെതിരെ നാട്ടുകാർ ഉയർത്തുന്നത്. പലപ്പോഴും ചികിത്സ കിട്ടാതെ രോഗികൾ മടങ്ങുന്ന കാഴ്ച പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സി.സി.ടിവി ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇന്നലെ മാത്രം ഏതാണ്ട് രണ്ടായിരത്തിലേറെ രോഗികളാണ് ചികിത്സക്കായി എത്തിയത്. എന്നാൽ ഒ.പിയിൽ രണ്ട് ഡോക്ടർ‌മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *