നെടുമങ്ങാട്: മദ്യലഹരിയിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സിഐയുടെ അതിക്രമം. രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. അക്രമാസക്തനായ സിഐ യഹിയയെ പൊലീസുകാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാലുപേരെ നെടുമങ്ങാട് പൊലീസ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. ആരെയോ ആക്രമിക്കാൻ പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശേഷം നാലുപേരെയും നെടുമങ്ങാട് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു.
കസ്റ്റഡിയിലെടുത്ത നാലുപേരിൽ രണ്ടുപേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ യഹിയ നെടുമങ്ങാട് സ്റ്റേഷനിലെത്തി. യഹിയയുടെ ബന്ധുക്കളാണിവർ. മോചിപ്പിക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ സെല്ലിനുള്ളിൽ കയറി യഹിയ ബഹളമുണ്ടാക്കി. പിന്നീട് സ്റ്റേഷനുള്ളിൽ തറയിൽ കിടന്നു. മദ്യലഹരിയിലായിരുന്ന യഹിയയെ ബലപ്രയോഗത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധന നടത്തിയില്ലെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ സൂപ്രണ്ട് നെടുമങ്ങാട് ഡിവൈഎസ്‌പിയോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. മുമ്പും പലതവണ പൊലീസ് സേനയ്‌ക്കുള്ളിൽ കുഴപ്പങ്ങളുണ്ടാക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് യഹിയ. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ ഇയാൾക്കെതിരെ എടുത്തിരുന്നു.