പറവൂർ: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് മാഞ്ഞാലി പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പതിനാറുകാരിക്ക് രക്ഷകനായി മാറിയ അജേഷ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. സ്വന്തം ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്തുചാടിയ അജേഷിന്റെ അസാമാന്യ ധീരതയിലാണ് കൗമാരക്കാരിക്ക് പുതുജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പകലായിരുന്നു നാടിനെ നടുക്കിയ ആത്മഹത്യാശ്രമം. മാഞ്ഞാലി പാലത്തിന് മുകളിൽ ആളുകൾ പരിഭ്രാന്തരായി ഒത്തുകൂടി നിൽക്കുന്നത് കണ്ടാണ് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ്സ് റോഡരികിൽ നിർത്തി അജേഷ് ഓടിയെത്തിയത്. പെരിയാറിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് ശ്വാസം കിട്ടാതെ ഒരു പെൺകുട്ടി മുങ്ങിത്താഴുന്ന കാഴ്ചയാണ് അജേഷ് കണ്ടത്. നിമിഷങ്ങൾ വൈകിയാൽ മരണം സംഭവിക്കാമെന്ന അവസ്ഥയിൽ, മറ്റൊന്നും ആലോചിക്കാതെ അജേഷ് പാലത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.
“മുന്നിൽ മറ്റൊരു ജീവൻ പൊലിയുന്നത് നോക്കിനിൽക്കാൻ എനിക്കാവില്ലായിരുന്നു. മറ്റൊന്നും ചിന്തിക്കാൻ അപ്പോൾ സമയം ഉണ്ടായിരുന്നില്ല” – രക്ഷാപ്രവർത്തനത്തിന് ശേഷം തളർച്ച മാറാത്ത ശബ്ദത്തിൽ അജേഷ് പറഞ്ഞു. പെരിയാറിന്റെ ആഴമുള്ള ഈ ഭാഗത്ത്
മഴക്കാലമായതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. തീർത്തും തളർന്ന നിലയിലായിരുന്ന കുട്ടിയെയും നെഞ്ചോട് ചേർത്ത് പിടിച്ച്, ഒഴുക്കിനെതിരെ ഏകദേശം 250 മീറ്ററോളമാണ് അജേഷ് നീന്തിയത്. ഒഴുക്കിന്റെ കാഠിന്യം കാരണം ഇടയ്ക്കുവെച്ച് ശരീരം പൂർണമായി തളർന്നുപോയെങ്കിലും സർവശക്തിയും സംഭരിച്ച് പെൺകുട്ടിയെ അജേഷ് മറുകരയിലെത്തിച്ചു. നാട്ടിൽ എവിടെയൊരു പ്രശ്‌നം ഉണ്ടായാലും ആദ്യം സഹായഹസ്തവുമായി ഓടിയെത്തുന്ന വ്യക്തികളിലൊരാളാണ് അജേഷ് എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ ഒഴുക്കുള്ള പെരിയാറ്റിലേക്ക് ചാടാൻ മറ്റുള്ളവർ മടിച്ചുനിന്ന വേളയിൽ, സ്വന്തം സുരക്ഷപോലും നോക്കാതെ അജേഷ് കാട്ടിയ മനുഷ്യസ്നേഹത്തിന് മുന്നിൽ ആദരവർപ്പിക്കുകയാണ് നാടൊന്നാകെ. പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരം.
അജേഷ് എന്ന ബസ്സ് ഡ്രൈവറുടെ ധീരത. പെരിയാറിലേയ്ക്ക് ചാടിയ പതിനാറുകാരിയ്ക്കു പുതുജീവൻ