കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ ബിജുവിനെ കാണാത്തതിനെ തുടർന്ന് അമ്മ മുറി തുറന്നുനോക്കിയപ്പോഴാണ് ചോരവാർന്ന നിലയിൽ കിടക്കുന്നത് കണ്ടത്. നിലവിളികേട്ട് ഇവിടെക്കെത്തിയ പരിസരവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടക്കുന്ന പരിശോധനകളിൽ ബിജു പൊലീസിന് വിവരം നൽകാറുണ്ടായിരുന്നെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.