പാസ്‌പോര്‍ട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഫീസില്‍ വന്‍ വര്‍ദ്ധന. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസ്സുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനും ഫീസ് വര്‍ദ്ധനവുണ്ട്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയര്‍ത്തി. നിലവില്‍ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2012ലാണ് ഇതിന് മുന്‍പ് പാസ്‌പോര്‍ട്ട് ഫീസില്‍ മാറ്റം വരുത്തിയത്. പാസ്‌പോര്‍ട്ട് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയി പാസ്‌പോര്‍ട്ടിന് പകരം പുതിയതിന് അപേക്ഷിക്കല്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്. ഇന്ത്യയിലെ അപേക്ഷകര്‍ക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാര്‍ക്കും മാറ്റം ബാധകമാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് 66 രാജ്യങ്ങളാണ്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോര്‍ട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതര്‍ വിശദമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇത് ഒരാളുടെ ഇന്ത്യന്‍ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *