ഗുരുവായൂരിലെ ക്രിമിനൽ വാഴ്ച: നടപടിയാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഗുരുവായൂർ ∙ ഗുരുവായൂർ നഗരത്തിലെ ക്രിമിനൽ വാഴ്ചയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് നിർദേശം നൽകി. ക്ഷേത്ര നഗരത്തിൽ ക്രിമിനലകൾ തമ്പടിക്കുന്നതിനെക്കുറിച്ച് ‘മനോരമ’ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. 3 മാസത്തിനിടെ രണ്ടുകൊലപാതകങ്ങളാണ് ഇവിടെ നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി കമ്മിഷണറെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കി. അടിയന്തര നടപടിയും നിർദേശിച്ചു.

ക്ഷേത്ര പരിസരത്ത് കഴിയുന്ന അശരണരായ ഭക്തരുടെ മറവിൽ ക്രിമിനൽ സ്വഭാവമുള്ളവർ വിഹരിക്കുമ്പോഴും പൊലീസും നഗരസഭയും ദേവസ്വവും കാഴ്ചക്കാരായി മാറുന്നു എന്ന് വിമർശനമുയർന്നിരുന്നു. ക്ഷേത്രപരിസരത്തും തെരുവിലും കഴിയുന്നവരുടെ വിശദാംശങ്ങൾ സൂക്ഷിക്കണമെന്നും മാസത്തിലൊരിക്കൽ പുനഃപരിശോധന നടത്തണമെന്നുമുള്ള നിർദേശങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു. കൂടുതൽ പൊലീസിനെ നിരീക്ഷണത്തിനും പട്രോളിങ്ങിനും നിയമിക്കണമെന്നാണ് മറ്റൊരു നിർദേശം.

ഗുരുവായൂരിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും അക്രമങ്ങളും തടയാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *