ലണ്ടൻ∙ വിദേശയാത്രകളിൽ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വീണ്ടും മുന്നറിയിപ്പ് നൽകി. ലാവോസിൽ മെത്തനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് ആറു വിദേശ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്.
2024 നവംബറിൽ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങിൽ സൗജന്യമായി നൽകിയതായി കരുതുന്ന മദ്യഷോട്ടുകൾ കഴിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പൗരയായ സിമോൺ വൈറ്റ്, രണ്ട് ഓസ്ട്രേലിയൻ യുവതികൾ, രണ്ട് ഡാനിഷ് പൗരന്മാർ, ഒരു അമേരിക്കൻ പൗരൻ എന്നിവർ മരിച്ചിരുന്നു. ചെലവ് കുറയ്ക്കാനായി മദ്യത്തിൽ നിയമവിരുദ്ധമായി മെത്തനോൾ കലർത്തിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം മരണങ്ങളുടെ യഥാർഥ കാരണമോ അതിന് ഉത്തരവാദികളെയോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലാവോസ് പൊതുസുരക്ഷാ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ലെന്നും അതിനാൽ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാൻ ആവശ്യമായ ഫോറൻസിക് തെളിവുകൾ ലഭിച്ചില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട ഡിസ്റ്റിലറിയിൽ നിർമിച്ച വോഡ്കയിൽ അമിത അളവിൽ മെത്തനോൾ കണ്ടെത്തിയതായും അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഡിസ്റ്റിലറി ഉടമയ്ക്കെതിരെ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ വിൽക്കുകയും അനുമതിയില്ലാതെ സ്ഥാപനം നടത്തുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. മരണങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്താത്തതിൽ ഓസ്ട്രേലിയ കടുത്ത നിരാശ രേഖപ്പെടുത്തുകയും കാൻബറയിലെ ലാവോസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് യുകെ സർക്കാർ വിദേശത്ത് യാത്ര ചെയ്യുന്ന പൗരന്മാർക്കുള്ള യാത്രാ നിർദേശങ്ങൾ പുതുക്കി. വിശ്വാസ്യത ഉറപ്പില്ലാത്ത ബാറുകളിലോ ഹോസ്റ്റലുകളിലോ ലഭിക്കുന്ന മദ്യവും സൗജന്യമായി വിതരണം ചെയ്യുന്ന മദ്യഷോട്ടുകളും ഒഴിവാക്കണമെന്നും, മുദ്ര പൊട്ടിക്കാത്ത കുപ്പികളിലുള്ള മദ്യം മാത്രം ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മെത്തനോൾ വിഷബാധയുടെ ആദ്യ ലക്ഷണങ്ങൾ ഛർദ്ദി, തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ, അമിത ഉറക്കം എന്നിവയാണ്. മദ്യം കഴിച്ച് 12 മുതൽ 48 മണിക്കൂറിനുള്ളിൽ കാഴ്ച മങ്ങുക, ശ്വാസതടസം, വയറുവേദന, അപസ്മാരം, കോമ എന്നിവ അനുഭവപ്പെടാം. പ്രത്യേകിച്ച് മങ്ങിയ കാഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.