സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം; അലോഷ്യസ് സേവ്യറിന് പിന്നിൽ ചില നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന ഉൾപ്പോരിന് കനംവെപ്പിച്ച് കോൺഗ്രസിൽ കുറുമുന്നണിക്ക് പടയൊരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്റെപേരിൽ കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ ‘സ്വതന്ത്ര പോരാട്ട’ത്തിന് ചിലനേതാക്കളുടെയും പിന്തുണയുണ്ട്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽനിന്ന് സതീശൻ പുറത്തായതും പുതുപ്പള്ളിയിലെ സ്മൃതികുടീരത്തിൽ മുഖ്യമന്ത്രി ഒറ്റയ്‌ക്കെത്തിയതുമെല്ലാം ആഭ്യന്തരപ്പോരിന്റെ പ്രകടിതരൂപമാണ്.

മുഖ്യമന്ത്രിക്കസേരയിൽ സതീശന് ഒരുവർഷത്തെ ആയുസ്സുമാത്രം പ്രവചിക്കുന്ന കോൺഗ്രസ് നേതാക്കളുണ്ട്. മുഖ്യമന്ത്രിയുടെ രീതിയിൽ അതൃപ്തരായ മന്ത്രിമാരുമുണ്ട്. സ്വന്തം വകുപ്പിൽ മിടുക്കനായി ഒറ്റയ്ക്കുപോകുന്ന രീതിയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്.

പടലപ്പിണക്കങ്ങൾ ഒഴിവാക്കാനുള്ള കണിശത കെ. മുരളീധരനും പ്രകടിപ്പിക്കുന്നുണ്ട്. കോൺഗ്രസിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ്, പാർട്ടിയും സർക്കാരും രണ്ടുവഴിക്ക് പോകുന്നത് ഒഴിവാക്കാനുള്ള മുൻകരുതൽ ലീഗ് സ്വീകരിച്ചത്.

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമുണ്ടെങ്കിലും പറയേണ്ട രീതി ഇതായിരുന്നില്ലെന്ന അഭിപ്രായത്തിനാണ് കോൺഗ്രസിൽ മുൻതൂക്കം. അലോഷ്യസ് പറഞ്ഞതിനെ തള്ളാതെയും പറഞ്ഞരീതിയെ കൊള്ളാൻ തയ്യാറാകാതെയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി വേണുഗോപാൽ നടത്തിയ പരാമർശത്തിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണ്.

അലോഷ്യസിന്റെ കൈപിടിച്ച് വി.എം. സുധീരൻ നടത്തിയ പ്രശംസയും പുകഴ്ത്തലുമാണ് കോൺഗ്രസിനുള്ളിലെ ഉൾപ്പോരിന് കനംവെപ്പിച്ചത്. വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിൽ സതീശനുമായി ഇടഞ്ഞ സുധീരൻ, അവസരംവന്നപ്പോൾ വിയോജിപ്പ് ഒന്നുകൂടി ഉറപ്പിച്ചു.

കെ.എസ്.യു.വിനെ മുൻനിർത്തിയുള്ള ആഭ്യന്തരപ്പോരാണ് അലോഷ്യസിന്റെ പ്രതികരണത്തിനു പിന്നിലെന്ന് സംശയിക്കുന്നവരാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരിലേറെയും. പാർട്ടിക്ക് പരാതി നൽകാതെ, അലോഷ്യസ് നടത്തിയ പരസ്യപ്രതികരണവും പ്രതിഷേധവും ചില അജൻഡകളുടെ ഭാഗവും മോഹഭംഗങ്ങളിൽനിന്നുണ്ടാകുന്ന വൈരാഗ്യത്തിന്റെപേരിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് എറണാകുളം കെ.എസ്.യു. ജില്ലാപ്രസിഡന്റ് കൃഷ്ണലാൽ തുറന്നടിച്ചത്. ഔദ്യോഗികമായി പരാതിനൽകാതെ മാധ്യമങ്ങൾക്ക് പ്രതികരണം നൽകി ആക്ഷേപങ്ങൾ ചൊരിഞ്ഞതിനുശേഷമാണോ കൂടിക്കാഴ്ചയ്ക്കു സമയംതേടേണ്ടതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി ചോദിച്ചു. സതീശന്റെ അനുഗ്രഹാശിസ്സുകളോടെയാണ് അലോഷ്യസ് അധ്യക്ഷപദവിയിലെത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ അലോഷ്യസിനുണ്ടായ മനംമാറ്റത്തിനു പിന്നിലുള്ള കാരണത്തിലാണ് കോൺഗ്രസിലെ ഉൾപ്പാർട്ടിപ്പോരിന്റെയും പ്രതിഷേധത്തിന്റെയും വേരിറങ്ങിയിട്ടുള്ളതെന്നു വ്യക്തം.

ഉമ്മൻചാണ്ടിയാകാനാവില്ല; അതിനാണ് ശ്രമിക്കുന്നത് -വി.ഡി. സതീശൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല.

പക്ഷേ, സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടിസാർ നമ്മളെ പഠിപ്പിച്ചത് -സാമൂഹികമാധ്യമ കുറിപ്പിൽ സതീശൻ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *