വാഷിംഗ്‌ടൺ: വിദേശരാജ്യങ്ങൾ പലർക്കും ഒരു സ്വപ്‌നലോകമാണ്. അമേരിക്കപോലുള്ള രാജ്യങ്ങളിലെ ജീവിതസൗകര്യങ്ങൾ ഇന്ത്യയെക്കാൾ മെച്ചപ്പെട്ടതാണെന്നാണ് മിക്കവരുടെയും ധാരണ. ഇപ്പോഴിതാ അതെല്ലാം വെറും മിഥ്യാ ധാരണകളാണെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ചികിത്സാസൗകര്യങ്ങളുടെയും ഇന്ത്യൻ ചികിത്സാ സൗകര്യങ്ങളുടെയും വ്യത്യാസം വ്യക്തമാക്കുന്നതാണ് കുറിപ്പ്.
അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന ഒരു ഇന്ത്യൻ മുതിർന്ന പൗരനാണ് കുറിപ്പ് പങ്കുവച്ചത്. ഇന്ത്യയിലെയും അമേരിക്കയിലെ ചികിത്സാത്തെലവിലെ വലിയ വ്യത്യാസത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിന് ഇന്ത്യയിൽ ചികിത്സതേടിയിരുന്നു. ഡോക്‌ടർ നിർദേശിച്ച മരുന്നുകൾ കഴിച്ച് സുഖം പ്രാപിച്ച് വരികയായിരുന്നെങ്കിലും അമേരിക്കയിലെത്തി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും മരുന്നുകൾ തീർന്നുപോയി. പിന്നാലെ അമേരിക്കയിലെ ഡോക്‌ടറെ കാണേണ്ടി വന്നു. എന്നാൽ, ചികിത്സയ്‌ക്കായി ചെലവായ തുക ഇരുവരെയും ഞെട്ടിച്ചു. ഡോക്‌ടറുടെ പരിശോധനാഫീസ് മാത്രം 23000 രൂപയായെന്ന് കുറിപ്പിൽ പറയുന്നു. തുടർന്ന് ഡോക്‌ടർമാർ നിർദേശിച്ച മരുന്നുകൾ വാങ്ങാൻ 42,000 രൂപ കൂടി ചെലവായി.
ഇതോടെ ആകെ ചികിത്സാച്ചെലവ് 65000 രൂപയിൽ കവിഞ്ഞു. ഡോക്‌ടർ നിർദേശിച്ച മരുന്ന് ഫാർമസിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനായി വീണ്ടും അഞ്ച് ദിവസം കാത്തിരിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ മരുന്ന് കൈയിൽ കിട്ടിയപ്പോൾ അത് നിർമ്മിച്ചിരിക്കുന്നത് ഇന്ത്യയിൽനിന്നാണെന്ന് കണ്ട് അത്ഭുതപ്പെട്ടതായും അദ്ദേഹം കുറിച്ചു.
‘ഇന്ത്യയിലെ ഏത് മെഡിക്കൽ ഷോപ്പിലും എളുപ്പത്തിൽ ലഭിക്കുന്ന മരുന്ന് ഇവിടെ കിട്ടാൻ 12 ദിവസം വേണ്ടിവന്നു. വിശ്രമജീവിതം ഇന്ത്യയിൽ ചെലവഴിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്’- അദ്ദേഹം കുറിച്ചു. കുറഞ്ഞ ചെലവിലുള്ള ചികിത്സ, വിലക്കുറവുള്ള മൊബൈൽ ഡേറ്റ, അതിവേഗ ഗ്രോസറി ഡെലിവറി, വിദഗ്‌ദ്ധ ഡോക്‌ടർമാരെ എളുപ്പത്തിൽ കാണാനുള്ള സൗകര്യം, വീട്ടിലെത്തി നടത്തുന്ന പരിശോധനകൾ, യുപിഐ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം, വീട്ടുജോലിക്കാരുടെ ലഭ്യത, അയൽവാസികളുമായുള്ള ആത്മബന്ധം എന്നിവയെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യ ഒരു രാജ്യം മാത്രമല്ല, ജീവിതം എളുപ്പമാക്കുന്നവിധമുള്ള സൗകര്യങ്ങൾ നിറഞ്ഞ ഒരു അത്ഭുത ലോകമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വലിയ രീതിയിലുള്ള സോഷ്യൽമീഡിയാ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവച്ചത്. സാധാരണ ചികിത്സയ്‌ക്കും മരുന്നുകൾക്കും ഇന്ത്യയിലെ ആരോഗ്യസംവിധാനം കൂടുതൽ ചെലവുകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. അതേസമയം, ഡോക്‌ടറുടെ ഫീസ് ലാബ് പരിശോധനകൾ, മരുന്നുകളുടെ വില എന്നിവ പ്രത്യേകം ഈടാക്കുന്ന അമേരിക്കയിൽ മെഡിക്കൽ ഇൻഷുറൻസ് എത്രത്തോളം അനിവാര്യമാണെന്ന് ഈ അനുഭവം വ്യക്തമാക്കുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, നൂതന മെഡിക്കൽ സാങ്കേതികവിദ്യ, വിദഗ്‌ദ്ധ ചികിത്സ എന്നിവയാണ് അമേരിക്കയിലെ ഉയർന്ന ചികിത്സാച്ചെലവിന് കാരണമെന്നും അതിനാൽ ഇരു രാജ്യങ്ങളെയും നേരിട്ട് താരതമ്യം ചെയ്യുന്നത് പൂർണമായി ശരിയല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.