കണ്ണൂര്‍∙ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എം.കെ.റാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന്, കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്കു പുറത്തുവച്ച് ക്രൈംബ്രാഞ്ച് ബലപ്രയോഗത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ബലം പ്രയോഗിച്ചാണ് റാമിനെ കസ്റ്റഡിയിലെടുത്തതെന്നു കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
നിതിന്‍ രാജിന്റെ മരണം ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. നിതിന്റെ പിതാവ് വൈ.രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാന്‍ എത്തിയപ്പോഴായിരുന്നു നിതിന്റെ പിതാവിന്റെ പ്രതികരണം.
നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും രാജന്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി റാമിന്റെ അറസ്റ്റ് ആശ്വാസകരമാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും രാജന്‍ പറഞ്ഞു. മകന്റെ നഷ്ടം നികത്താന്‍ സാധിക്കില്ല. ഡോ. റാമിന് ഡോക്ടറായിരിക്കാന്‍ ഒരു അവകാശവുമില്ല. കേസിലെ രണ്ടാമത്തെ പ്രതിയായ സംഗീതയ്ക്കെതിരെയും കുറ്റക്കാരായ മറ്റ് അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്നും രാജന്‍ ആവശ്യപ്പെട്ടു.