തിരുവനന്തപുരം ∙ ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും. പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.
എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് തുടക്കം. പ്രദീപ് യോഗത്തിൽ ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തിൽ വിമർശനം ഉയർന്നു.
യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവായ സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മറുഭാഗത്തിന്റെ ആക്ഷേപം.വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി വൈകി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎൽഎയുടെ മൊഴിയെടുത്തത്. മൊഴികൾ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതു സംബന്ധിച്ചും പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് മുൻ നേതാവാണ് പാളയം പ്രദീപ്.