തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണ റിപ്പോർട്ട് പൂർത്തിയായി. കൂടിയ വിലക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ വൻ തുകയാണ് സർക്കാരിന് നഷ്ടമായത്. ഇതിനെതിരെ മന്ത്രി കെ.മുരളീധരഉൻ്റെ നിർദ്ദേശ പ്രകാരമാണ് പൊടിതട്ടിക്കിടന്ന അന്വേഷണ റിപ്പോർട്ട് പുറത്തെടുത്തത്.
കോവിഡ് കാലയളവിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നു പിന്നീട് വന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് ഫയലിൽ കുറിച്ചു. ഈ ഫയൽ ലഭിച്ചതും അന്വേഷണം നടത്താൻ മന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശം നൽകി.
2022 ജനുവരി 11നാണ് അന്വേഷണം ആരംഭിച്ചത്. ആ വർഷം ഓഗസ്റ്റ് 24നു നിയമസഭയിൽ ചോദ്യം വന്നപ്പോൾ അന്വേഷണം പുരോഗമിക്കുന്നു എന്നായിരുന്നു മന്ത്രി ബാലഗോപാലിന്റെ മറുപടി. അന്വേഷണം വൈകുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണെന്ന ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനിടെ അഴിമതിയെക്കുറിച്ചുള്ള ഒട്ടേറെ രേഖകൾ പുറത്തുവന്നു. ക്രമക്കേട് അന്വേഷിക്കാൻ ഒക്ടോബർ 14നു ലോകായുക്ത ഉത്തരവു പുറപ്പെടുവിച്ചതോടെയാണു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിനു വഴിത്തിരിവായത്. ഈ അന്വേഷണത്തിന്മേലാണ് ഇപ്പോൾ അഴിമതിയുടെ പൂർണ വിവരം മന്ത്രി കെ.മുരളീധരൻ്റ മേശപ്പുറത്തെത്തിയത്.
ഒരു പിപിഇ കിറ്റിന് 550 രൂപ നിരക്കിൽ വിപണിയിൽ ലഭ്യമായിരുന്ന സമയത്ത്, മറ്റൊരു കമ്പനിയിൽ നിന്ന് 1,550 രൂപ നിരക്കിൽ വാങ്ങി എന്നതാണ് പ്രധാന കണ്ടെത്തൽ. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ്റെ അനുമതിയോടെയാണ് ഇടപാട് നടത്തിയതെന്ന് അന്വേഷണ കമ്മീഷൻ മുൻപാകെ കെ.കെ.ശൈലജയുടെ വെളിപ്പെടുത്തൽ സി.പി.എമ്മിനുള്ളിൽ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നതാണ്.