എക്സാലോജിക് കേസില്‍ പ്രതിയായാല്‍ പ്രതിപക്ഷനേതൃസ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോര്‍ട്ട് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ഇഡി നീക്കം പുതിയ രാഷ്ട്രീയ വെല്ലുവിളിയായേക്കും. അതേസമയം, ഇഡിയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് സിപിഎം നേതാക്കളും രംഗത്തെത്തി. ഇഡിയുടെ ‘തിരക്കഥ നന്നായിട്ടുണ്ടെന്ന്’ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസ് എംഎല്‍എ, തങ്ങള്‍ പേടിച്ചുപോയെന്ന് ആരും കരുതേണ്ടെന്നും വ്യക്തമാക്കി. ആത്മവിശ്വാസമുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും റിയാസ് പ്രതികരിച്ചു. കേസെടുക്കണമോ എന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നടപടികള്‍ നീങ്ങിയാല്‍ പ്രതിപക്ഷനേതാവ്, എംഎല്‍എ തുടങ്ങിയ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ സംബന്ധിച്ചും രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.

നിയമപരമായ പ്രത്യാഘാതങ്ങള്‍ക്കപ്പുറം, അഴിമതി ആരോപണത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് പ്രതിരോധത്തിലാകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിച്ഛായയെയും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനരീതിയെയും നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രതിയായിരുന്ന കാലത്ത് പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് ജനപ്രതിനിധിയല്ലാതിരുന്നതിനാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടായില്ലെന്നാണ് സിപിഎം വിലയിരുത്തിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. പിണറായി വിജയന്‍ പ്രതിപക്ഷനേതാവും നിയമസഭാംഗവുമാണ്. അതിനാല്‍ അദ്ദേഹത്തിനെതിരെ അഴിമതിക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ഭരണപക്ഷത്തുനിന്നും മറ്റ് രാഷ്ട്രീയ കക്ഷികളില്‍നിന്നും ഉയരാനുള്ള സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *