കോട്ടയം∙ മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായിയെന്ന് പറഞ്ഞപ്പോൾ നേരിടേണ്ടി വന്നത് ആക്ഷേപവും പരിഹാസവുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. തെളിവുകൾ നൽകാൻ താൻ തയാറെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ പല കമ്പനികളിൽ നിന്നും പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി. സമ്പത്തിന്റെ വലിയ പങ്ക് രാജ്യത്തിന് പുറത്തുണ്ട്. കേസിൽ നടത്തിയ പോരാട്ടം എളുപ്പമായിരുന്നില്ല. സംശയത്തോടെ നോക്കിയവരും വഴിതെറ്റെിയെന്ന് പറഞ്ഞവരുമുണ്ട്. സുപ്രീംകോടതി കേസ് തള്ളിയപ്പോൾ സഹപ്രവർത്തകരും നേതാക്കൻമാരും താൻ പറയുന്നതു ശരിയാണോ എന്ന് വിശ്വസിക്കാൻ മടിച്ചിട്ടുണ്ട്.
സമൂഹത്തോടും സ്വന്തം പാർട്ടിയോടും പിണറായി വിജയൻ പച്ചക്കള്ളമാണ് പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും വിജിലൻസിനെക്കൊണ്ട് പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തു. ആ കേസിൽ ചാർജ്ഷീറ്റ് നൽകാൻ പോലും വിജിലൻസിന് കഴിഞ്ഞിട്ടില്ല. കരിമണൽ കമ്പനിക്ക് വഴിവിട്ട കാര്യങ്ങൾ ചെയ്തതിന്റെ പാരിതോഷികമാണ് എക്സാലോജിക് കമ്പനിയിലൂടെ മകൾ വീണയ്ക്ക് ലഭിച്ചത്.മാസപ്പടി കേസിൽ പിണറായിക്ക് പ്രതിരോധം ഒരുക്കിയത് സിപിഎം ആണ്. പാരമ്പര്യവും ഇച്ഛാശക്തിയുമുള്ള സിപിഎം പിണറായിക്കു വേണ്ടി രംഗത്തിറങ്ങി. സിപിഎം പ്രവർത്തകരും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിണറായിക്കുവേണ്ടി ചുട്ചോറ് വാരി. കഴിഞ്ഞ തവണ സിപിഎമ്മിന് വലിയ പതനം നേരിട്ടത് അഴിമതിക്ക് കുടപിടിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.