ന്യൂഡൽഹി: ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ സർക്കാർ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ നിർദേശം നൽകിയത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല് കൊണ്ടുവരും. അടുത്തദിവസംതന്നെ കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് നടപ്പുസമ്മേളനത്തിൽത്തന്നെ പാസാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതിവേഗ കോടതിയ്ക്കൊപ്പം കുറ്റക്കാർക്കുള്ള ശിക്ഷയും വ്യവസ്ഥചെയ്യും. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധങ്ങളിൽ നരേന്ദ്രമോദി ആദ്യമായി പ്രതികരിച്ചത്. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്നാണ് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ പ്രതികരിച്ചത്. യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരികൾക്കും കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെ ഡൽഹി ഹൈക്കോടതി ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കി. അനു ഗ്രോവർ ബലിഗയാണ് സ്പെഷ്യൽ ജഡ്ജി. പബ്ലിക് എക്സാമിനേഷൻസ് ആക്ട്, 2024 (Public Examinations Act, 2024) പ്രകാരമുള്ള കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ കേസുകളും ഈ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. ഈ വാർത്ത പുറത്തുവന്നതിനിടയിലാണ് പ്രധാനമന്ത്രി പുതിയ സോഷ്യൽമീഡിയാ ലൈവുമായി എത്തിയത്.
യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും ചോദ്യപേപ്പർ ചോർച്ചാ കേസുകളിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.