ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം കോടതികൾ സ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെതന്നെ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു.
കേസുകൾ മൂന്നുമാസത്തിനകം തീർപ്പാക്കി ശിക്ഷ പ്രഖ്യാപിക്കുന്ന വിധത്തിലായിരിക്കും അതിവേഗ കോടതികളുടെ പ്രവർത്തനം. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കുള്ള തടവ് ശിക്ഷയും പിഴയും വർദ്ധിപ്പിക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. അത്തരത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 വർഷംവരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകുന്നതിൽ വീഴ്‌ച വരുത്തുന്ന സേവനദാതാക്കൾക്ക് നിലവിലെ നിയമപ്രകാരം ഒരു കോടിവരെ പിഴ ചുമത്താം. സംഘടിത കുറ്റകൃത്യങ്ങൾക്ക് അഞ്ച് മുതൽ 10 വർഷംവരെ തടവും കുറഞ്ഞത് ഒരു കോടിവരെ പിഴയുമാണ് നിലവിലെ ശിക്ഷ. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.