ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പാകിസ്ഥാനുമായി എപ്പോൾ ഏറ്റുമുട്ടും? സമയക്രമം പ്രഖ്യാപിച്ചു

ഐച്ചി-നഗോയ (ജപ്പാൻ)​: സെപ്‌തംബറിൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലാണ് മത്സരിക്കുന്നത്. എങ്കിലും ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ്. എന്നാൽ ഇരു ടീമുകളും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായതിനാൽ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ സെമി ഫൈനലിലോ ഫൈനലിലോ പ്രവേശിച്ചാൽ മാത്രമേ പോരാട്ടം യാഥാർത്ഥ്യമാകൂ.

സെപ്തംബർ 24-ന് ആരംഭിക്കുന്ന പുരുഷ വിഭാഗം മത്സരങ്ങൾ ട്വന്റി-20 ഫോർമാറ്റിലാണ് നടക്കുന്നത്. ഉയർന്ന റാങ്കുള്ള ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ നാല് ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ഗ്രൂപ്പ് എ-യിലുള്ള അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നീ ടീമുകളിൽ നിന്നും ഗ്രൂപ്പ് ബി-യിലുള്ള ഹോങ്കോംഗ്,​ ചൈന, മലേഷ്യ, ഒമാൻ എന്നീ ടീമുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന നാല് ടീമുകൾ കൂടി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. അങ്ങനെ ആകെ എട്ട് ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിൽ മാറ്റുരയ്ക്കുക.ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിൽ തിലക് വർമ്മയാണ് വൈസ് ക്യാപ്ടൻ. യുവതാരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യോഗ്യത നേടുന്ന ഒരു ടീമായിരിക്കും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി. അതേസമയം, ഹർമൻപ്രീത് കൗർ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം ആതിഥേയരായ ജപ്പാനെതിരെയാണ് ക്വാർട്ടർ പോരാട്ടം ആരംഭിക്കുന്നത്. ഇതിൽ ജയിച്ചാൽ സെമിയിൽ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടി വരും.

മറുഭാഗത്ത് നടക്കുന്ന ശ്രീലങ്ക-മലേഷ്യ, പാകിസ്ഥാൻ-തായ്‌ലൻഡ് ക്വാർട്ടർ ഫൈനലുകളിലെ വിജയികൾ രണ്ടാം സെമിയിൽ ഏറ്റുമുട്ടും. 2023-ൽ ഹാംഗ്ഷൂവിൽ ഇരട്ട സ്വർണ്ണം നേടിയ ഇന്ത്യ, ഇത്തവണ ജപ്പാനിലെ ഐച്ചി-നഗോയയിലും ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. ട്വന്റി-20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ വനിതാ മത്സരങ്ങൾ സെപ്തംബർ 17 മുതൽ 23 വരെയും, പുരുഷ ടീമിന്റെ മത്സരങ്ങൾ സെപ്തംബർ 24 മുതലുമാണ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *