ചെന്നൈ: നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. രാജ്യമെമ്പാടും നീറ്റിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുന്ന നിലയിലാണ് സ്റ്റാലിന്റെ പ്രതികരണം. നീറ്റിനെതിരെ ശബ്ദമുയർത്തിയ ആദ്യത്തെ സംസ്ഥാനം തമിഴ്‌നാടാണ്.
നീറ്റ് പരീക്ഷ സമ്പ്രദായം തുടങ്ങുമ്പോൾ ഒന്നിലധികം പ്രവേശന പരീക്ഷകൾ എഴുതുന്നതിന്റെ ഭാരം കുറക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും കാപിറ്റേഷൻ ഫീസ് സംവിധാനവും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണവും ഇല്ലാതാക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്.
എന്നാലിതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും സർക്കാർ സ്കൂളുകളിലും ഒന്നാം തലമുറയിലും മാതൃഭാഷാ മാധ്യമങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ കടുത്ത തിരിച്ചടി നേരിടുകയുമായിരുന്നു. നീറ്റ് പഠനത്തിന്റെ കേന്ദ്ര ബിന്ദു പരിശീലന കേന്ദ്രങ്ങളായി മാറുകയും ചെയ്തു. അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങളിൽപോലും പ്രവേശന നടപടികൾ മെറിറ്റ് അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.
ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി നീറ്റ് ഇളവ് ബിൽ പാസാക്കിയിരുന്നതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജുകൾ സ്ഥാപിക്കുകയും, ധനസഹായം നൽകുകയും, പരിപാലിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് വിദ്യാർഥി പ്രവേശനം തീരുമാനിക്കാനുള്ള അധികാരവും നൽകണം. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാവിക്ക് നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമീപനം കൈക്കൊള്ളുകയും വേണം. ‘Ban NEET’ എന്ന ഹാഷ് ടാഗിൽ ഡി.എം.കെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.