കുഴിമന്തി, അൽഫാം പ്രേമികൾക്ക് തിരിച്ചടി; ഇനി പഴയപോലെ ഇവ കിട്ടില്ല

കൊച്ചി: വിറകുകരിക്ഷാമവും വിലക്കയറ്റവും കുഴിമന്തി, അൽഫാം, തന്തൂരി പ്രേമികൾക്ക് നെഞ്ചിടിപ്പാകും. വിറകുകരി ലഭിക്കുന്നത് കുറഞ്ഞതോടെ പ്രിയവിഭവങ്ങളുടെ അളവ് കുറയ്‌ക്കുകയാണ് ഹോട്ടലുകൾ. പാചകവാതകത്തിന് വില വർദ്ധിച്ചതോടെ വിറകിനും കരിക്കും ആവശ്യം വർദ്ധിച്ചതാണ് കരിലഭ്യത കുറയാൻ കാരണം.

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിറകുകരി എത്തുന്നത്. കരി നിർമ്മിക്കാൻ വിറകിന്റെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ഉത്പാദനം കുറഞ്ഞതോടെ കരിയുടെ വില വർദ്ധിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്തു.

കുഴിമന്തി, അൽഫാം, തന്തൂരി, കബാബ്, ബാർബിക്ക്യൂ ചിക്കൻ, ഗ്രിൽഡ് ചിക്കൻ, സ്മോക്ക് ചിക്കൻ, സ്ലോ കുക്ക്ഡ് സ്മോക്ക് ചിക്കൻ എന്നിവ കരിയുടെ ചൂടിലും പുകയിലുമാണ് തയ്യാറാക്കുന്നു. ബിരിയാണിക്ക് രുചി പകരാൻ കരി ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. ഗ്യാസ് ഉപയോഗിച്ച് ചിക്കൻ വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും തനത് മണവും രുചിയും ലഭിക്കില്ല.

തമിഴ്നാടൻ കരി

കേരളത്തിനാവശ്യമായ വിറകുകരിയിൽ 70 ശതമാനത്തിലധികം തമിഴ്നാട്ടിൽ നിന്നാണ്. കരിയുണ്ടാക്കുന്ന കരിവേലം മരത്തിന് ടണ്ണിന് 4,000 രൂപയായിരുന്ന വില 8,000 ലെത്തി. ഇപ്പോൾ ലഭിക്കുന്ന കരിയിൽ പൊടിയും ചെറുകഷണങ്ങളും പാതി കരിഞ്ഞതും ഈർപ്പമുള്ളതുമായ ഭാഗങ്ങൾ കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.

മഴയും യുദ്ധവും പണിതന്നു

മഴയുടെ ദൈർഘ്യത്തിലും വ്യാപ്തിയിലുമുണ്ടായ മാറ്റങ്ങൾ കരി ഉത്പാദന വ്യവസായത്തെയും ബാധിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വിലവർദ്ധനയും ഇരുട്ടടിയായി. ഈ സാഹചര്യം തുടർന്നാൽ അടുത്ത ആഴ്ചകളിൽ കരിയുടെ ലഭ്യത രൂക്ഷമാകാനും വില ഉയരാനും സാദ്ധ്യതയുണ്ടെന്ന് കരി വിതരണക്കാർ പറയുന്നു. കരി ലഭിക്കാൻ മുൻകൂർ പണം നൽകുന്ന രീതി ചില ഹോട്ടലുടമകൾ ആരംഭിച്ചിട്ടുണ്ട്. കരിയുടെ വരവ് കുറഞ്ഞാൽ കുഴിമന്തി, അർഫാം, തന്തൂരി ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *