കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്‌ഐവി പരിശോധന; നിർണായക തീരുമാനവുമായി കർണാടക ആരോഗ്യവകുപ്പ്

ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ എച്ച്‌ഐവി പരിശോധന നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ എച്ച്‌ഐവി രോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാ കോളേജ് വിദ്യാർത്ഥികളും പ്രിൻസിപ്പൾമാരും തീരുമാനത്തോട് സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

എച്ച്‌ഐവി പരിശോധന എളുപ്പത്തിലും രഹസ്യവുമാക്കാനായി ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ്, ഡിഗ്രി വിദ്യാർത്ഥികൾക്കും പരിശോധന നടത്തും. കൂടാതെ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും ഏർപ്പെടുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ പരിപാടിയുടെയും മറ്റ് സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം, എച്ച്‌ഐവി വ്യാപനത്തിൽ കർണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ഏകദേശം 2.60 ലക്ഷം എച്ച്‌ഐവി ബാധിതരാണ് കർണാടകയിലുള്ളത്. അതിൽ 2.05 ലക്ഷം പേർക്ക് എച്ച്ഐവിക്ക് ആന്റി-റിട്രോവൈറൽ തെറാപ്പി ചികിത്സ ലഭിക്കുന്നുണ്ട്.

ഏകദേശം 54,000 പേർക്ക് തങ്ങൾ എച്ച്‌ഐവി ബാധിതരാണെന്ന് അറിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 18നും 35നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിൽ രോഗം അതിവേഗം പടരുകയാണ്. 18നും 25നും ഇടയിൽ പ്രായമുള്ളവരിൽ ഏകദേശം 7,000പേർക്ക് എച്ച്‌ഐവി രോഗബാധയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *