ബിജെപി കോട്ട പൊളിഞ്ഞു; ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് ജയം, മദ്ധ്യപ്രദേശിലും അടിതെറ്റി താമര

പാറ്റ്ന: ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ രാജ്യത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജിവച്ച ബങ്കിപ്പൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോറിന് ജയം. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോറിന്റെ വിജയം. മദ്ധ്യപ്രദേശിലെ ദാതിയയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ജയിച്ചു. നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ബങ്കിപ്പൂരിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ പ്രശാന്ത് ലീഡ് ഉയർത്തിയിരുന്നു. 16ാം റൗണ്ട് വോട്ടെണ്ണലിനിടെ പ്രശാന്ത് 31,742 വോട്ട് പെട്ടിയിലാക്കിയിരുന്നു. 2025ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമുള്ള ‘ജൻ സുരാജ് പാർട്ടി’യുടെ വലിയ മുന്നേറ്റമാണ് ബീഹാറിൽ തെളിഞ്ഞത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളോളം നിതിൻ നബിൻ നിലനിർത്തിയ മണ്ഡലമാണ് ബങ്കിപ്പൂർ.

ദാതിയയിൽ ബിജെപിയുടെ അശുതോഷ് തിവാരിയെ പരാജയപ്പെടുത്തിയാണ് ഘനശ്യാം സിംഗ് ചരിത്ര വിജയം സ്വന്തമാക്കിയത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി ഏറ്റവും സുരക്ഷിതമായി കണക്കാക്കിയ മണ്ഡലമാണ് ദാതിയ. ഇവിടെ 6,016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഘനശ്യാം സിംഗ് നേടിയത്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഘനശ്യാം സിംഗ് 66,757 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി അശുതോഷ് തിവാരിക്ക് ലഭിച്ചത് 57,277 വോട്ടുകളാണ്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ദാതിയയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുൻ ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ നരോത്തം മിശ്രയുടെ മണ്ഡലമായിരുന്നു ദാതിയ. 2008 മുതൽ 2018 വരെ അദ്ദേഹമായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാൽ 2023ലെ തിരഞ്ഞെടുപ്പിൽ നരോത്തം പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *