‘ബിജെപി എന്തിനാണ് വിദ്യാഭ്യാസത്തെ എതിർക്കുന്നത്, നിങ്ങളുടെ നേതാവ് ബിരുദം നേടിയത് തെളിയിക്കുമോ?’

ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യത തേടിയ ബിജെപി പ്രവർത്തകനു മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ. തന്നെ വെല്ലുവിളിക്കുന്ന ബിജെപി പ്രവർത്തകർ തങ്ങളു‌ടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. മോദിയെ ഉന്നംവച്ചുകൊണ്ടായിരുന്നു അഭിജീതിന്റെ പ്രതികരണം.

സാധാരണ കുടുംബത്തിൽ ജനിച്ച അഭിജീത് ദീപ്‌കെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനായി പണം കണ്ടെത്തിയതിനെച്ചൊല്ലി ബിജെപി ആരോപണങ്ങളുന്നയിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണ കുടുംബത്തിൽ ജനിച്ച യുവാവ് ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ചതിൽ ബിജെപി എന്തിനാണ് വിഷമിക്കുന്നതെന്ന് ദീപ്‌കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ചോദിക്കുന്നു.

‘ബിജെപി നേതാക്കളിലൊരാൾ എന്റെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടുണ്ടെന്നറിഞ്ഞു. എന്റെ ബിരുദസർട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ വാ‌യ്‌പയുടെ രേഖകളും വെളിപ്പെടുത്താൻ ഞാൻ തയ്യാറാണ്. എന്നാൽ നിങ്ങളുടെ നേതാവ് അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്താൻ തയ്യാറാകുമോ? സാധാരണക്കാരനായ യുവാവ് ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ചതിൽ ബിജെപിക്ക് എന്താണ് ഇത്ര വിഷമം? എന്തുകൊണ്ടാണ് എന്റെ വിദ്യാഭ്യാസ പശ്ചാത്തലം ഒരു രാഷ്‌ട്രീയ പശ്ചാത്തലമാകുന്നത്. ബിജെപി എന്തിനാണ് വിദ്യാഭ്യാസത്തെ എതിർക്കുന്നത്?’- അഭിജീത് ദീപ്‌കെ വീഡിയോയിൽ പറഞ്ഞു.

ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള ബിജെപി പ്രവർത്തകനാണ് അഭിജീത് ദീപ്‌കെയുടെ വിദ്യാഭ്യാസ യോഗ്യത തേടി വിവരാവാകാശ നിയമപ്രകാരം അപേക്ഷിച്ചത്. ബിജെപി നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബോസ്റ്റൺ സർവകലാശാലയിലെ കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽനിന്ന് ഈ അടുത്തകാലത്താണ് മാസ്‌റ്റർ ഒഫ്‌ സയൻസിൽ അഭിജീത് ബിരുദം നേടിയത്. കോളേജിൽനിന്നുള്ള സ്‌കോളർഷിപും വിദ്യാഭ്യാസ വായ്‌പയും വഴിയാണ് പഠനം പൂർത്തിയാക്കിയതെന്ന് അഭിജീത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *