ലണ്ടൻ: കടൽക്കരയിലെ മൺത്തരികളിൽ നിറഞ്ഞ് തിളങ്ങുന്ന നീല നിറത്തിലുള്ള ചെറുജീവികൾ. ആദ്യ കാഴ്‌ചയിൽ പൂക്കളോ പ്ലാസ്റ്റിക് തുണ്ടുകളോ ആണെന്ന് തോന്നിപ്പിക്കുന്നവിധമുള്ള അപൂർവ കാഴ്‌ചയാണ് യുകെയിലെ ചില കടൽത്തീരങ്ങളിലെത്തിയ സന്ദർശകരെ അമ്പരപ്പിച്ചത്.
ശക്തമായ കടൽക്കാറ്റിൽ തീരത്തേയ്‌ക്കെത്തിയ ‘വെലെല്ല വെലെല്ല’ എന്ന സമുദ്രജീവികളാണ് ഈ അപൂർവപ്രതിഭാസത്തിന് കാരണം. ‘ബൈ ദ വിൻഡ് സെയിലേഴ്‌സ്’ എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. മണൽപ്പുറത്ത് ചിതറിക്കിടന്നിരുന്ന നീല നിറത്തിലുള്ള ഈ ജീവികൾ നിരവധി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പലരും ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഏകദേശം രണ്ടിഞ്ച് മാത്രം വലിപ്പമുള്ള ഇവയെ കാണാൻ മനോഹരമാണെന്നാണ് സന്ദർശകരുടെ അഭിപ്രായം.
ജെല്ലിഫിഷിനെപ്പോലെ തോന്നുമെങ്കിലും വെലെല്ല വെലെല്ല യഥാർത്ഥത്തിൽ ജെല്ലിഫിഷല്ല. അനേകം ചെറിയജീവികൾ കൂടിച്ചേർന്ന് കാഴ്‌ചയ്‌ക്ക് ജെല്ലിഫിഷിന് സമാനമായ രൂപം സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. ഏകദേശം അഞ്ച് സെന്റീമീറ്റർ നീളമുള്ള ഇവയ്‌ക്ക് സുതാര്യമായ ചെറിയൊരു ഭാഗമുണ്ട്. കാറ്റിന്റെ സഹായത്തോടെ സമുദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്ന ഇവ പ്ലാങ്ടണുകളെയാണ് ഭക്ഷണമാക്കുന്നത്.
പോർച്ചുഗീസ് മാൻ ഒ വാർ എന്ന സമുദ്രജീവിയുമായി സമാനതകളുണ്ടെങ്കിലും ഇവ അപകടകാരിയല്ല. എന്നിരുന്നാലും ഇവയെ സ്‌പർശിച്ചശേഷം കണ്ണിലോ മുഖത്തോ തൊട്ടാൽ ചെറിയ അസ്വസ്ഥതയുണ്ടാകാം. അതിനാൽ ഇവയെ തൊടരുതെന്നാണ് വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്.
അറ്റ്‌ലാന്റിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. കൊടുങ്കാറ്റിന് പിന്നാലെയുണ്ടാകുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റ് ഇവയെ തീരത്തേക്ക് എത്തിക്കാറുണ്ട്. ഈ വർഷം അനുഭവപ്പെട്ട ഉയർന്ന താപനിലയും ഇതിന് കാരണമായിരിക്കാമെന്ന് സമുദ്ര വിദഗ്‌ദ്ധർ പറയുന്നു.
അടുത്തിടെ കുംബ്രിയയിലെ സെന്റ് ബീസ് ബീച്ചിലാണ് ഇവയെ വലിയ തോതിൽ കാണാനായത്. വെയിൽസിലെ പല തീരങ്ങളിലും നേരത്തെ സമാനമായ കാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവ ഇത്രയും വലിയ അളവിൽ തീരത്തടിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വേനൽക്കാലമായതിനാൽ കൂടുതൽ അളവിൽ ഇവ തീരത്തേക്ക് എത്തിയേക്കാമെന്ന് വിദഗ്‌ദ്ധർ പറയുന്നു.