കനത്ത മഴ: വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട,​ മലപ്പുറം,​ ആലപ്പുഴ,​ കോഴിക്കോട്, തൃശൂർ,​ കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച)​ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ മൂന്നു താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കനത്ത മഴയും പ്രളയ ബാധിത ക്യാമ്പുകൾ സ്കൂളുകളിൽ പ്രവ‌ർത്തിക്കുന്നതിനാലുമാണ് പത്തനംതിട്ടയിൽ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മലപ്പുറം

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മദ്രസകൾ,​ ട്യൂഷൻ സെന്ററുകൾ,​ അങ്കണവാടികൾ എന്നിവയ്ക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി ,​ പി,​എസ്,​സി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ,​ മദ്രസകൾ,​ ട്യൂഷൻ സെന്ററുകൾ,​ പ്രൊഫഷണൽ കോളേജുകൾ,​ അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് അവധി ബാധകമല്ല.

ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,​ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകം. വെള്ളക്കെട്ടുകൾ രൂുപപ്പെട്ടതിനാലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലുമാണ് അവധി.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ,​ തളിപ്പറമ്പ്,​ ഇരിട്ടി താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം ട്യൂഷൻ സെന്ററുകൾ,​ മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അലിഝി ബാധകമാകുും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

ഇടുക്കി

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കളക്ടർ അറിയിച്ചു.

വയനാട്

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *