തിരുവനന്തപുരം∙ ‘എത്ര ദിവസം കഴിഞ്ഞാലും അച്ഛന്‍ കടലില്‍നിന്നു തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. തളരാതെ പിടിച്ചു നില്‍ക്കുന്നതും പ്രതികരിക്കുന്നതും അതിനു വേണ്ടിയാണ്.’ – വിഴിഞ്ഞത്ത് കഴിഞ്ഞ വെള്ളിയാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിന്റെ മകള്‍ ജിജി ജോണിന്റെ വാക്കുകളാണിത്.പിതാവിനെ കാണാതായി ദിവസങ്ങള്‍ക്കു ശേഷം തിരച്ചില്‍ ഫലപ്രദമല്ലെന്നു പരാതിപ്പെട്ടതിനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വേട്ടയാടുന്നതെന്ന് ജിജി പറഞ്ഞു. ‘അച്ഛനെ കാണാതായതിന്റെ വേദനയ്ക്കിടയിലും ഒരു മകള്‍ക്ക് ഇത്തരം പ്രതികരണവുമായി മുന്നോട്ടു വരേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിക്കുന്നില്ല. അച്ഛനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫിസുകളില്‍ കയറിയിറങ്ങിയപ്പോഴാണ് എത്രമാത്രം ദയനീയമാണ് നമ്മുടെ സംവിധാനങ്ങളെന്ന് വേദനയോടെ തിരിച്ചറിഞ്ഞത്.
കൃത്യമായ ഏകോപനമോ മറുപടിയോ ഒരിടത്തുനിന്നും കിട്ടാതെ വന്നതോടെ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് ഒരാഴ്ചയ്ക്കു ശേഷം ചോദ്യങ്ങള്‍ ചോദിക്കാനും ശക്തമായി പ്രതികരിക്കാനും തീരുമാനിച്ചത്. അതിനെ വലിയ തെറ്റായാണ് പലരും കാണുന്നത്. കണ്ണീരൊഴുക്കി എല്ലാവരുടെയും മുന്നില്‍ വരാന്‍ ഒട്ടും താല്‍പര്യമില്ല. ഏതു സാഹചര്യത്തിലും തളരാതെ നില്‍ക്കാനാണ് അച്ഛന്‍ പഠിപ്പിച്ചത്. അതുകൊണ്ടാണ് വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്‌ക്കെതിരെ ശബ്ദിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ആശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. വര്‍ഷങ്ങളായി ഇതു തന്നെയാണു തുടരുന്നത്. അപകടം സംഭവിക്കാതിരിക്കാനും സംഭവിച്ചാല്‍ പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനും ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ മുന്നറിയിപ്പുകള്‍ നല്‍കാനും സംവിധാനം ഒരുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ കണ്ണീര്‍ക്കഥ ആവര്‍ത്തിക്കപ്പെടും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചപ്പോഴും അതു പറഞ്ഞു ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതു. തിരക്കുകൊണ്ട് ആണോ എന്നറിയില്ല, അതു കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. ഇന്നലെ മന്ത്രി ഷിബു ബേബി ജോണിനോട് ഇതേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അനുഭാവപൂര്‍വമായ തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്.’ – ജിജി പറഞ്ഞു. ജോണിനെ കണ്ടെത്താനായി ഇന്നു രാവിലെ ഏഴര മുതല്‍ തിരച്ചില്‍ ആരംഭിച്ചതായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. മറൈന്‍ ആംബുലന്‍സും വള്ളങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലാണു നടക്കുന്നത്.