വയനാട് പുത്തുമല ദുരന്തത്തിന് ഏഴ് വർഷം; ഉരുൾപൊട്ടൽ പ്രദേശത്ത് ഇപ്പോഴുമുണ്ട് 3 കുടുംബങ്ങൾ

കൽപറ്റ∙ മേപ്പാടി പുത്തുമലയിലുള്ള 17 ജീവിതങ്ങൾ ഉരുളെടുത്തിട്ട് ഏഴ് വർഷം. 2019 ഓഗസ്റ്റ് 8 വൈകിട്ടായിരുന്നു ദുരന്തം. പച്ചക്കാട് മലയുടെ ഒരു ഭാഗം തകർന്നു താഴേക്കു പതിച്ചു. ‌5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. ദുരന്തസമയത്തു പലരും ബന്ധുവീടുകളിലേക്കും ക്യാംപിലേക്കും മറ്റും മാറി താമസിച്ചതു കൊണ്ടു മാത്രമാണു മരണസംഖ്യ കുറഞ്ഞതെന്നു ദുരന്തബാധിതർ ഇപ്പോഴും പറയും. ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ ദിവസങ്ങളോളം നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു പിന്നീട്. കനത്ത മഴയൊടോപ്പം കുതിച്ചെത്തിയ മലവെള്ളത്തോടൊപ്പം പാറക്കൂട്ടങ്ങളും വൻമരങ്ങളും ചെളിമണ്ണും ഗ്രാമത്തിനെ വിഴുങ്ങി.

പിന്നീട് സ്ഥലം വാസയോഗ്യമല്ലെന്നു സർക്കാർ പ്രഖ്യാപിച്ചു. 52 കുടുംബങ്ങളെ ഹർഷം പദ്ധതിയിൽ ഉൾപെടുത്തി മാറ്റി താമസിപ്പിച്ചു. പൂത്തക്കൊല്ലിയിൽ ലഭിച്ച ഭൂമിയിൽ ഓരോ കുടുംബത്തിനും സർക്കാർ നൽകിയ പത്തു ലക്ഷത്തിൽ 6 ലക്ഷം ഭൂമിക്കായും 4 ലക്ഷം വീടിനായും ചെലവഴിച്ചു. 4 ലക്ഷം രൂപയും സ്വയം കണ്ടെത്തിയ അധിക ഫണ്ടും ഉപയോഗിച്ചു സന്നദ്ധസംഘടനകളാണു വീട് നിർമിച്ചു നൽകിയത്. വീടുകൾക്കൊപ്പം കമ്മ്യൂണിറ്റി സെന്റർ, ആരോഗ്യ കേന്ദ്രം, വായനശാല, എന്നിവ അടക്കമുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായില്ല.

വീട്ടുകാർ ചോദിക്കുന്നു: ചോർച്ച മാറ്റുമോ
‘തീരാ ദുരിതമാണ്, വെള്ളം ഇറങ്ങി ടൈൽ താഴ്ന്നു, മഴക്കാലമെത്തിയാൽ വെള്ളം തറയിലേക്കു വീഴാതെ ഇരിക്കാൻ ബക്കറ്റ് വയ്ക്കുകയാണ്’. പുത്തുമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഹർഷം പദ്ധതിയിൽ വീട് ലഭിച്ച മറിയയും ആബിദും എല്ലാ വർഷവും ഉണ്ടായ ദുരിതം പങ്കുവയ്ക്കുന്നു.
വീടുകളിലേക്കു മാറി താമസിച്ചതു മുതൽ മഴ പെയ്യുമ്പോൾ വീടുകളിൽ ചോർച്ച ഉണ്ടാകുന്നുണ്ടെന്നു വീട്ടുകാർ പറയുന്നു. പല തവണ ജില്ലാ അധികൃതരും ജനപ്രതിനിധികളും വന്ന് അവസ്ഥ കണ്ടതാണെന്നും എന്നാൽ പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും വീട്ടുകാർ പറയുന്നു.സമാനമായ സാഹചര്യത്തിൽ മറ്റു വീടുകളുമുണ്ട്. കുറുക്കാഞ്ചേരി ബീരാൻ–ജമീല ദമ്പതികളുടെ വീട്ടിൽ ഭിത്തികളിൽ പലയിടങ്ങളിലായി വിള്ളൽ വീണിട്ടുണ്ട്. താമസം തുടങ്ങി 6 മാസം കഴിഞ്ഞപ്പോൾ കാണപ്പെട്ട വിള്ളൽ ഇപ്പോൾ വീടിന്റെ ഭൂരിഭാഗം സ്ഥലത്തുമുണ്ടെന്നു ദമ്പതികൾ പറയുന്നു.

അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കും: ജില്ലാ ഭരണകൂടം
പുത്തുമലയിലെ ദുരന്തബാധിതർക്കു നിർമിച്ചു നൽകിയ ഹർഷം പദ്ധതിയിലെ വീടുകളിൽ ഉണ്ടായ ചോർച്ച ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഒരു വീടിനായി 4.4 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ അതിൽ നടപടിയുണ്ടാകുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *